പെരുമ്പാവൂർ: അദ്ധ്യാപക സംഘടനാ നേതാവും പൊതുപ്രവർത്തകനുമായിരുന്ന പെരുമ്പാവൂർ തേക്കുംകുടി വീട്ടിൽ ടി.ഐ. നാരായണൻ തന്റെ ജീവിതം നിസ്വാർത്ഥത,സുതാര്യത എന്നിവയിൽ അധിഷ്ഠിതമായിരിക്കുമെന്ന പ്രതിജ്ഞ ജീവിതാവസാനം വരെ നിറവേറ്റി. കൈക്കൂലി ചോദിക്കരുത്, വാങ്ങരുത് എന്ന ആപ്തവാക്യം ജീവിതവ്രതമാക്കി. ഒരിക്കൽ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഒത്തുതീർക്കൽ ഫീസെന്ന പേരിൽ കൈക്കൂലി ചോദിച്ച ജീവനക്കാരനോട് തട്ടിക്കയറിയപ്പോൾ മറ്റു ജീവനക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ബിരുദം നേടിയതിനു ശേഷം എൻ.എസ്.എസിന്റെ കീഴിലുള്ള വളയൻചിറങ്ങര സ്‌കൂളിൽ കണക്ക് അദ്ധ്യാപകനായിട്ടാണ് സർവീസിൽ പ്രവേശിച്ചത്. അതിനിടെ ബിഎഡ് എടുത്തതോടെ തൊടുപുഴ ഗവ. വൊക്കേഷണൽ സ്‌കൂളിൽ അധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. പിന്നീട് ദീർലകാലം പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിൽ അധ്യാപകനായി.
അദ്ധ്യാപക സംഘടനാ നേതാവായ നാരായണൻ 1980ൽ കെ.എസ്.ടി.എ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റായി. 1991ൽ നേര്യമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിരമിച്ചത്. ഇതിനിടെ മൂന്നു വർഷം അങ്കമാലി എ.ഇ.ഒയായും പ്രവർത്തിച്ചു.
സാമുദായിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എസ്.എൻ.ഡി.പി.പയ്യാൽ ശാഖാ പ്രസിഡന്റ്, യൂണിയൻ കൗൺസിലർ, യോഗം ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. റിട്ടയർ ചെയ്ത ശേഷം സി.പി.എം ലോക്കൽ സെക്രട്ടറിയായും കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിന്റെ കുട്ടികൾക്കു വേണ്ടിയുള്ള വ്യാഖ്യാനം, വിശുദ്ധ നാട്ടിലേക്കുള്ള യാത്ര എന്ന യാത്രാ വിവരണം, ആത്മകഥ എന്നീ മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.