kvves
നെടുമ്പാശേരി മേഖല മാർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സമൃദ്ധി അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജൈവ പച്ചക്കറി പ്രദർശനത്തോട്ടം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: വിഷരഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുവാൻ വ്യാപാരികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് നടപ്പിലാക്കുന്ന 'സമൃദ്ധി അടുക്കളത്തോട്ടം' പദ്ധതി നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. നെടുമ്പാശേരി കൃഷി ഓഫീസർ എം.എ. ഷീബ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ, ടി.എസ്. മുരളി, കെ.ജെ. പോൾസൺ, പി.പി. ശ്രീവത്സൻ, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാർ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വ്യാപാരികൾ സമൃദ്ധി അടുക്കളത്തോട്ടം പദ്ധതി ആരംഭിക്കുന്നത്. മികച്ച വ്യാപാരി കർഷകർക്കുള്ള വ്യാപാരി കർഷകമിത്ര പുരസ്‌കാരത്തിന് 5001 രൂപയും ഷീൽഡും നൽകും. രണ്ടും മൂന്നും സമ്മാനാഹർക്ക് 3001 ,2001 എന്നീ ക്രമത്തിൽ കാഷ് അവാർഡും ഷീൽഡും നൽകും.