കൂത്താട്ടുകുളം: പാലക്കുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമുള്ള ടിവിയും സ്മാർട്ട്ഫോണും ഉറപ്പാക്കി പാലക്കുഴ പഞ്ചായത്തിന്റെ മാതൃക. 35 വിദ്യാർത്ഥികൾക്ക് മൊബൈൽഫോണും അഞ്ചുപേർക്ക് ടിവിയും കണക്ഷനുമെല്ലാം ഒരുക്കിനൽകി. പാലക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാപാക്കിയത്.
ആറൂർ ഗവ. ഹൈസ്കൂൾ, പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി, ഉപ്പുകണ്ടം ഗവ. യു.പി.എസ്, കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് യു.പി, മാറിക സെന്റ് മേരീസ് എൽ.പി സ്കൂൾ ഉൾപ്പെടെ പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഓൺലൈൻ സൗകര്യം ഇല്ലാത്തവരുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ശേഖരിച്ചാണ് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. കൂത്താട്ടുകുളം ബി.ആർ.സി സഹകരണത്തോടെ മാറിക വായനശാല, മാറിക എസ്.സി കോളനി, ഇല്ലിക്കുന്ന് സാംസ്കാരിക നിലയം,പാലനിൽക്കും തടത്തിൽ കോളനി, കല്ലിങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യപഠനകേന്ദ്രങ്ങളും സജീവമായി.
മൊബൈൽ ഫോണുകൾ ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയക്ക് കൈമാറി. എൽ.ഇ.ഡി ടിവികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു വിതരണംചെയ്തു. ബാങ്ക് ഡയറക്ടർ ഷാജു ജേക്കബ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, ബാങ്ക് സെക്രട്ടറി ബാബുജോൺ, ഡയറക്ടർ സോയുസ് ജേക്കബ് എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി കെരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാലക്കുഴ യുണിറ്റ് അഞ്ച് മൊബൈൽ ഫോണുകൾ പഞ്ചായത്തിന് കൈമാറി. പി.എൻ. സജീവൻ, കെ.ജി. വിജയൻ, പി.കെ. ജോൺ, എൻ. ബാബു, കെ.എൻ. തങ്കപ്പൻ, സി.പി. രമണൻ എന്നിവർ പങ്കെടുത്തു.