tiller
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി വാങ്ങിയ ഉഴവ് യന്ത്രം (പവർ ടില്ലർ) കാടുകയറി, തുരുമ്പെടുത്ത് നശിക്കുന്നു

ആലുവ: അധികൃതരുടെ അനാസ്ഥമൂലം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി വാങ്ങിയ ഉഴവ് യന്ത്രം (പവർ ടില്ലർ) കാടുകയറി തുരുമ്പെടുത്ത് നശിക്കുന്നു. പഞ്ചായത്തിലെ കർഷകരുടെ ആവശ്യത്തിന് ഉപയോഗിക്കേണ്ട പവർ ടില്ലറാണ് മാസങ്ങളായി പഞ്ചായത്ത് വളപ്പിൽ തന്നെ വെയിലും മഴയുമേറ്റ് കാടുമൂടി കിടക്കുന്നത്.

പാടശേഖര സമിതികൾക്ക് നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് മുൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കൈമാറിയതാണ് ടില്ലർ. ഇങ്ങനെ ലഭിച്ച മൂന്ന് ടില്ലറുകളിൽ ഒന്നാണ് നശിക്കുന്നത്. പാടശേഖര സമിതിയുടെ നിയന്ത്രണത്തിലാണ് ടില്ലറുകൾ സൂക്ഷിക്കുന്നതും ആവശ്യക്കാർക്ക് നൽകുന്നതും. അറ്റകുറ്റപണികൾ ഗ്രാമപഞ്ചായത്താണ് നടത്തേണ്ടത്. നിസാര തകരാറു വന്നപ്പോൾ അറ്റകുറ്റപണിക്കായി പഞ്ചായത്തിൽ എത്തിച്ച ടില്ലറാണ് ഉപയോഗിക്കാനാവാത്ത വിധം നശിപ്പിച്ചത്. പഞ്ചായത്തിലെ എടയാറ്റുചാൽ, മുണ്ടകൻപാടം, വെൺമണി പാടശേഖരം, പരപ്പ് എന്നിവിടങ്ങളിൽ കർഷക കൂട്ടായ്മ കൃഷി ചെയ്തു വരുന്നുണ്ട്. ആവശ്യത്തിന് ടില്ലർ ഇല്ലാത്തതിനാൽ പലരും പുറത്ത് നിന്നാണ് ടില്ലർ കൊണ്ടുവരുന്നത്. തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിന് യുവതലമുറയിൽപ്പെട്ടവർ മുതൽ ശ്രമിക്കുമ്പോഴാണ് പവർ ടില്ലർ അശ്രദ്ധയിൽ നശിക്കുന്ന അവസ്ഥയുണ്ടാകുന്നത്.

പാടശേഖര സമിതിയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്

ടില്ലറുകൾ ഉപയോഗിക്കുന്നതും അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെയും ചുമതല പാടശേഖര സമിതികൾക്കാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്താണ് കമ്മ്യൂണിറ്റി ഹാൾ വളപ്പിൽ ടില്ലർ എത്തിച്ചത്. നശിക്കുന്ന സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദികൾ പാടശേഖര സമിതിയും മുൻ പഞ്ചായത്ത് ഭരണസമിതിയുമാണ്.

കുറ്റക്കാർക്കെതിരെ നടപടി വേണം

ലക്ഷക്കണക്കിന് രൂപ വിലയുള്ള ഉഴവ് യന്ത്രം ഉപയോഗശൂന്യമാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.