mla
പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാന്റിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കത്ത് കൈമാറുന്നു.

കുറുപ്പംപടി: 1981 സെപ്തംബർ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കാലപ്പഴക്കത്താൽ ശോചനീയ അവസ്ഥയിലായി. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ ഡിപ്പോയുടെ അറ്റകുറ്റപ്പണി അടിയന്തരമായി ചെയ്യേണ്ടതുണ്ട്. സ്റ്റാൻഡിന്റെ പരിസരപ്രദേശങ്ങളുടേയും നവീകരണം അത്യന്താപേക്ഷിതമാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ റൂഫ് പൊട്ടിപ്പൊളിഞ്ഞ് അടർന്നുവീഴുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയാണ്. ഇരുമ്പ് പൈപ്പുകൾ തുരുമ്പെടുത്ത് ചോരുന്നു. ഇത് മാറ്റി പി.വി.സി പൈപ്പുകൾ സ്ഥാപിക്കണം. ഓടകൾ വൃത്തിയാക്കണം. വർക്ക്ഷോപ്പ് ബിൽഡിംഗിന്റെ മേച്ചിൽ കാലപ്പഴക്കത്താൽ പൊട്ടി വെളളം അകത്തേക്ക് വീഴുന്ന സ്ഥിതിയുണ്ട്. ഇത് മാറ്റി സ്ഥാപിക്കണം.

വർക്ക്ഷോപ്പ് പരിസരത്തെ കാടുകൾ വെട്ടിതെളിച്ച് മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്ത് ബസ്സുകൾ സുഗമമായി പാർക്ക് ചെയ്യുന്നതിന് സംവിധാനം എർപ്പെടുത്തുക. ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ മെയിന്റനൻസ് കാര്യക്ഷമമാക്കുക, .ജീവനക്കാരുടെ വിശ്രമമുറികൾ ടൈൽവിരിച്ച് വൃത്തിയാക്കു, കട്ടിലുകളും അനുബന്ധ സാമഗ്രികളും ഉറപ്പാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക, ബസ് പാർക്കിംഗ് ഗ്രൗണ്ടിലും വർക്ക്ഷോപ്പ് പരിസരത്തും ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കണം.

പരിഹരിക്കേണ്ട വിഷയങ്ങൾ അടങ്ങിയ കത്ത് തുടർ നടപടികൾക്കായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കൈമാറി. രണ്ടു കോടി രൂപ ചെലവുവരുന്ന നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സന്ദർശനം ഉടനെ ഉണ്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.