തൃക്കാക്കര: പ്രതിദിനകൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ള തൃക്കാക്കരയ്ക്ക് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ ഡിക്സൻ, ജിജോ ചങ്ങംതറ, കെ.എക്സ്. സൈമൺ, സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. വാക്സിൻ ക്ഷാമത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞതായി കൗൺസിലർമാർ പറഞ്ഞു.
നിലവിൽ കൊവിഡ് വ്യാപനം രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണു തൃക്കാക്കര. ജില്ലയ്ക്ക് ലഭ്യമായ വാക്‌സിൻ വിഹിതത്തിൽ നിന്നു തൃക്കാക്കരയ്ക്ക് അർഹമായതു ലഭിക്കുന്നില്ലെന്നാണു പരാതി. ലഭ്യമായ വാക്‌സിൻ ഉപയോഗിച്ചുള്ള കുത്തിവയ്പ് സുഗമമാക്കാൻ നഗരസഭ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നെങ്കിലും അതൊന്നും സ്വീകരിക്കപ്പെട്ടില്ല. ആദ്യ ഡോസ് ലഭിച്ചവരിൽ കാലാവധി ആയിട്ടും രണ്ടാം ഡോസ് ലഭിക്കാത്തവർ ഏറെയാണ്. ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണു വാക്‌സിൻ വിതരണം. ഓൺലൈൻ രജിസ്‌ട്രേഷനു സാധിക്കാത്ത ഏറെപ്പേർ വേറെയുമുണ്ട്. അനുവദിച്ച വാക്‌സിനിൽ തന്നെ പകുതിയോളം ഡോസുകളും സെസ്, എൻ.പി.ഒ.എൽ തുടങ്ങിയ വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്കും കളക്ടറേറ്റിലെ ജീവനക്കാർക്കുമായി നൽകേണ്ടിവന്നു.