leksha

# ഭക്ഷണശീലം മാറ്റുന്നതിലെ

യുക്തി എന്തെന്ന് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ ഡെയറിഫാമുകൾ അടച്ചു പൂട്ടാനും സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മാംസാഹാരം ഒഴിവാക്കാനും ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. വർഷങ്ങളായുള്ള ഭക്ഷണരീതി മാറ്റണമെന്ന് പറയുന്നതിലെ യുക്തി എന്തെന്ന് വാക്കാൽ ചോദിച്ച ഹൈക്കോടതി, ഹർജിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് വിശദീകരണം തേടി. ഹർജി ജൂൺ 30നു വീണ്ടും പരിഗണിക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് സ്റ്റേ.

ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി അഡ്വ. ആർ. അജ്മൽ അഹമ്മദ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.

ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിന്റെ ഡെയറി ഫാമുകൾ അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശപ്രകാരം അടച്ചുപൂട്ടാൻ മേയ് 21 നാണ് ഡയറക്ടർ ഉത്തരവിറക്കിയത്. ഫാമുകളിലെ കന്നുകാലികളെ ലേലംചെയ്യാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. രണ്ടു തവണ ലേലം നടത്താൻ നിശ്ചയിച്ചെങ്കിലും ആരുമെത്തിയില്ലെന്ന് ഹർജിയിൽ പറയുന്നു.

ഹർജി​ക്കാരന്റെ വാദം

* കന്നുകാലി വളർത്തലും കോഴി വളർത്തലും ദ്വീപിലെ ജീവിതരീതിയുടെ ഭാഗമാണ്. പാലും പാലുത്പന്നങ്ങളും മാംസാഹാരവും ഉൾപ്പെടുന്ന ഭക്ഷണരീതിയും ഇതിന്റെ ഭാഗമാണ്.

* സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ചിക്കനും ബീഫും ഒഴിവാക്കിയതി​ലൂടെ അഡ്മിനിസ്ട്രേറ്റർ തന്റെ രഹസ്യ അജൻഡ ദുരുദ്ദേശ്യത്തോടെ നടപ്പാക്കുകയാണ്.

* അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശപ്രകാരം ജനുവരി 27 ന് മോണിട്ടറിംഗ് കമ്മിറ്റി കൈക്കൊണ്ട ഈ തീരുമാനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്.

അഡ്മി​നി​സ്ട്രേഷന്റെ വാദം

* മാംസം സൂക്ഷിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാലാണ് ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്.

* ഡെയറി ഫാമുകൾ ലാഭകരമല്ലാത്തതിനാലാണ് പൂട്ടിയത്.