കൊച്ചി: ചരക്കുഗതാഗതത്തിനായി അടിസ്ഥാനവിവര റിപ്പോർട്ടും കർമ്മപദ്ധതിയുടെ നയരേഖയും തയ്യാറാക്കിയതായി മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. ഇത്തരത്തിലൊരു നയരേഖ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചി. 2021 -22 സാമ്പത്തിക വർഷത്തെ കോർപ്പറേഷൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കൊച്ചിയിലെ കനാൽ സംവിധാനങ്ങൾ ആധുനിക രീതിയിൽ പുനർനിർമ്മിക്കുമ്പോൾ ഇവ കൂടി ചരക്ക് ഗതാഗതത്തിന്റെ ഭാഗമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. മിനി ട്രക്കുകളും മുച്ചക്രവാഹനങ്ങളും ഇ-മൊബിലിറ്റിയിലേക്ക് മാറ്റും.

കൊച്ചിയിൽ നിന്ന് ബേപ്പൂരിലേക്കും തിരിച്ചും ചരക്ക് ഗതാഗതം കടൽ മാർഗ്ഗമാക്കാനുള്ള സംവിധാനങ്ങൾ നിലവിൽ വരുമ്പോൾ അവ രണ്ട് നഗരങ്ങളിലേയും വാണിജ്യ വ്യവസായ രംഗത്ത് വൻ കുതിപ്പ് സൃഷ്ടിക്കും. ചരക്ക് ഗതാഗതത്തിനായി കടൽ മാർഗ്ഗമുള്ള പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ കൊച്ചി നഗരത്തിൽ നടക്കുന്ന ചരക്ക് ഗതാഗതത്തിൽ നല്ലൊരു ഭാഗവും കനാൽകായൽ മാർഗ്ഗത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി കൊച്ചി മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു.

ഗതാഗതം കാലാവസ്ഥാ വ്യതിയാനം വാരാചരണത്തിന്റെ ഭാഗമായി ജർമ്മൻ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാലയിൽ 'സ്മാർട്ട് സിറ്റികളിലെ ചരക്കുഗതാഗതത്തിന്റെ ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മേയർ. പരിസ്ഥിതി സൗഹൃദ ചരക്കു ഗതാഗത സംവിധാനങ്ങളിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളാണ് മേയർ വിശദീകരിച്ചത്. ചൈനീസ് പ്രതിനിധിയായ സിയായു ടാൻ, ദക്ഷിണാഫ്രിക്കൻ പ്രതിനിധിയായ നിക്കോ എൻറീമ എന്നിവരും വിഷയാവതരണം നടത്തി.

ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യയുടെ സഹകരണത്തോടെ കോർപ്പറേഷൻ നടപ്പിലാക്കുന്ന ഇക്കോലോജിസ്റ്റിക്ക് പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ പഠനങ്ങളുടേയും വിവിധ തലങ്ങളിലായി നടന്ന സ്റ്റേക്ക് ഹോൾഡർ യോഗങ്ങളുടേയും വിദഗ്ദ സമിതി നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് ചരക്കുഗതാഗതത്തിനായി അടിസ്ഥാന വിവര റിപ്പോർട്ടും, നയരേഖാ കർമ്മ പദ്ധതിയും തയ്യാറാക്കിയത്.