vadakkakara-krishi
വടക്കേക്കരയിൽ കരനെൽകൃഷിക്ക് തുടക്കം കുറിച്ച് വിത്ത് വിതക്കൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിക്കുന്നു.

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവനിന്റെയും ആഭിമുഖ്യത്തിൽ കരനെൽക്കൃഷി തുടങ്ങി. സ്നേഹ ലേബർ ഗ്രൂപ്പ്, യുവ കർഷക സ്വയം സഹായസംഘം എന്നീ കർഷക ഗ്രൂപ്പുകളാണ് കൃഷി നടത്തുന്നത്. പാടശേഖരങ്ങളില്ലാത്ത വടക്കേക്കരയിൽ മഴക്കാലം പൂർണമായും പ്രയോജനപ്പെടുത്തി നെൽക്കൃഷിയിലൂടെ സാദ്ധ്യത കണ്ടെത്തുകയാണ് കർഷകർ. കൃഷി ചെയ്യുന്നതിനാവശ്യമായ ഉമ നെൽവിത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവനിൽ നൽകി. കഴിഞ്ഞവർഷം അഞ്ചേക്കർ ചെയ്ത വടക്കേക്കരയിൽ ഇക്കൊല്ലം ഒമ്പത് ഏക്കറിലാണ് കർഷകർ കൃഷി ഇറക്കുന്നത്. കൃഷിയിടത്തിൽ വിത്ത് വിതക്കൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനി വർഗീസ് മണിയാറ, കൃഷി ഓഫീസർ എൻ.എസ്. നീതു, വാർഡ് മെമ്പർമാരായ അജിത, സുമ, കൃഷി ഉദ്യോഗസ്ഥരായ വി.എസ്. ചിത്ര, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.