കൊച്ചി: ഭൂഗർഭ വൈദ്യുത കേബിൾ ഇടുന്നതിന് വെട്ടിപ്പൊളിച്ച എം.ജി റോഡിന്റെ റീ ടാറിംഗ് നടപടികൾ വൈകുന്നു. ആദ്യഘട്ട താത്കാലിക നവീകരണം പാളിയതിനു പിന്നാലെ വീണ്ടും കോൺക്രീറ്റ് ചെയ്യുകയും ചിലയിടത്ത് ടാറിടുകയും ചെയ്തു. പക്ഷേ, ഒന്നും ഫലം കണ്ടില്ല. ഞായറാഴ്ചയും അറ്റകുറ്റപ്പണി നടന്നു. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റിംഗിന് മുകളിലൂടെ പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ലാതെയാണ് ടാർ വിരിച്ചത്.

ചിലയിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനയാത്രികർ നിത്യവും അപകടത്തിൽപ്പെട്ടിരുന്നു. പരാതികളുയർന്നതോടെയാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള താത്കാലിക ടാറിംഗ്. ഇതുവരെ അഞ്ച് തവണയാണ് ഈ കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. മെട്രോ നിർമാണത്തിനു ഉന്നത നിലവാരത്തിൽ പണി തീർത്ത റോഡാണ് വെട്ടിപ്പൊളിച്ച് നാശമാക്കിയത്. കേബിൾ ഇടുന്ന ജോലികൾ മെയ് അവസാനം പൂർത്തീകരിച്ചിരുന്നു.

 അറ്റകുറ്റപ്പണികൾ നടത്തിയത് 5 തവണ

 ടെൻഡർ നടപടികൾ വൈകിയതാണ് ടാറിംഗ് വൈകാൻ കാരണമെന്നാണ് പി.ഡബ്ല്യു.ഡിയുടെ വാദം. മാധവ ഫാർമസി ജംഗ്ഷൻ മുതൽ ഷേണായിസ് തിയറ്റർ വരെയുള്ള ഭാഗത്ത് 30ലേറെ കുഴികളാണ് എടുത്തിട്ടുള്ളത്.

ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻ തന്നെ ഉന്നത നിലവാരത്തിൽ റോഡ് ടാർ ചെയ്യും.

സജിത്. എം.എ പിഡബ്ല്യൂഡി അസി.എൻജിനിയർ.

 വിഷയം പി.ഡബ്ല്യു.ഡിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പണികൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചത്. സുധ ദിലീപ്, കൗൺസിലർ