പറവൂർ: കോർട്ട് ഫീ സ്റ്റാമ്പുകൾ കിട്ടാനില്ലാത്ത് ജനങ്ങളെ വലക്കുകുന്നു. ഒരുരൂപ മുതൽ ഒരുലക്ഷം രൂപ വരെയുള്ള സ്റ്റാമ്പുകളാണ് കിട്ടാത്തത്. ലൈസൻസുള്ള സ്റ്റാമ്പ് വെൻഡർമാർ വഴി മാത്രമേ ഇവ ലഭിക്കൂ. രണ്ട് വെൻഡർമാരാണ് പറവൂരിലുള്ളത്. ആവശ്യത്തിന് സ്റ്റാമ്പ് ലഭിക്കുന്നില്ലെന്നാണ് അഭിഭാഷകരുടെ പരാതി. ലോക്ക് ഡൗൺ കഴിഞ്ഞ് കോടതി തുറന്നിട്ടും കേസുകളുടെ നടപടികൾക്കായി അപേക്ഷകൾ കൊടുക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകർ പറയുന്നു. പറവൂരിൽ സ്റ്റാമ്പ് കിട്ടാത്തതിനാൽ മറ്റു സ്ഥലങ്ങളിൽപോയി വാങ്ങേണ്ട സ്ഥിതിയാണ്. ഒരു ലക്ഷത്തിന് മുകളിലുള്ള തുകയുടെ സ്റ്റാമ്പുകൾ അഭിഭാഷകർക്ക് ട്രഷറിയിൽനിന്നു നേരിട്ടുനൽകും.
ഒരു ലക്ഷത്തിൽ താഴെയുള്ള കോർട്ട് ഫീ സ്റ്റാമ്പുകൾ ബാർ അസോസിയേഷനോ ക്ലാർക്ക് അസോസിയേഷനോ നേരിട്ട് ലഭ്യമാക്കാൻ നിയമഭേദഗതി ഉണ്ടാക്കുകയോ പറവൂരിൽ കൂടുതൽ ആളുകൾക്ക് വെൻഡർ ലൈസൻസ് അനുവദിക്കുകയോ ചെയ്യണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യമെന്ന് സെക്രട്ടറി അഡ്വ.എം.എ. കൃഷ്ണകുമാർ പറഞ്ഞു. വൈകാതെ തന്നെ ഇ സ്റ്റാമ്പിംഗ് നിലവിൽ വരുന്നതിനാൽ കോടതി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കോർട്ട് ഫീ സ്റ്റാമ്പുകൾ കൂടുതലായി വാങ്ങിവയ്ക്കാൻ കഴിയില്ലെന്ന് സ്റ്റാമ്പ് വെൻഡറായ കെ.ടി. അരവിന്ദാക്ഷൻ പറഞ്ഞു. ഇവ തിരിച്ചു കൊടുത്താൽ പണം തിരികെ കിട്ടില്ല. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ പരിമിതമായ ഓഫീസ് സൗകര്യത്തിൽ ഓരോരുത്തർക്കും കോർട്ട്ഫീ സ്റ്റാമ്പുകൾ നൽകുക അപ്രായോഗികമാണ്. എങ്കിലും കോർട്ട് ഫീ സ്റ്റാമ്പുകൾക്ക് ക്ഷാമം ഇല്ലാത്തതരത്തിൽ ബാർ അസോസിയേഷനോ ക്ലാർക്ക് അസോസിയേഷനോ എടുത്തുകൊടുക്കാൻ തയ്യാറാണെന്ന് ബാർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.