കൊച്ചി: ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിനെതിരെ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ സൂചനാ പണിമുടക്ക് നടത്തും. നാളെ സംഘടനയിൽ അംഗങ്ങളായ 5000- ൽ പരം മൊത്ത വിതരണക്കാർ തങ്ങളുടെ 8000-ലധികം വരുന്ന വിതരണ വാഹനങ്ങൾ നിരത്തിലിറക്കില്ല. 800 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗവും നടത്തും. സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെയും പിന്തുണയുണ്ട്.
ടാറ്റയുടെ കണ്ണൻ ദേവൻ തേയില, ടാറ്റ സാൾട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്ത വിതരണക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. പ്രശ്ന പരിഹാരമുണ്ടാകാത്തതിനാൽ ഏപ്രിൽ 10 മുതൽ ഉത്പ്പന്നങ്ങളുടെ വിതരണം നിറുത്തിവച്ചിരിക്കുകയാണ്. എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് കെ.കെ. റഫീക്ക്, ജനറൽ സെക്രട്ടറി ടി. ജെയ്‌മോൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.