പെരുമ്പാവൂർ: പൂട്ടിക്കിടക്കുന്ന റയോൺസിലെ ട്രീറ്റ്മെന്റ് പ്ലാന്റ് വല്ലം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഉപയോഗപ്രദമാക്കണമെന്ന പ്രമേയം നഗരസഭ പാസാക്കി. 27-ാം വാർഡ് കൗൺസിലർ ബീവി അബൂബക്കർ പ്രമേയം അവതരിപ്പിച്ചു. 2013ൽ നഗരസഭ റയോൺസ് വളപ്പിൽ അഞ്ചേക്കർ സ്ഥലം ലഭ്യമാക്കി കുടിവെള്ളപ്ളാന്റും ഓപ്പൺ എയർ സ്റ്റേഡിയവും നിർമ്മിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. 2001-ൽ ട്രാവൻകൂർ റയോൺസ് കമ്പനി പ്രവർത്തനം നിലക്കുകയും 2017 ൽ തൊഴിലാളികൾക്ക് ആനുകൂല്യം നൽകി കമ്പനി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ പ്രവർത്തനം മൂലം പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചു നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നുണ്ടെകിലും വല്ലം പ്രദേശത്ത് കൃത്യമായി ലഭിക്കുന്നില്ല. റയോൺസ് പ്രവർത്തിച്ചിരുന്ന സമയത്ത് ജനങ്ങൾ പ്രതികരിച്ചതിനാൽ കമ്പനി അടച്ചുപൂട്ടുന്നതുവരെ വെള്ളം റയോൺസിൽ നിന്ന് ലഭിച്ചിരുന്നു. കമ്പനിയിൽ വെള്ളം ശുദ്ധീകരിച്ചു നൽകുന്ന ട്രീറ്റുമെന്റ് പ്ലാന്റ് ഇപ്പോഴും നിലവിലുണ്ട്. ഇത് വാട്ടർ അതോറിറ്റിക്കോ നഗരസഭയ്ക്കോ നൽകി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് ആവശ്യം.

പ്രദേശവാസികൾക്ക് ഭീഷണിയായി കമ്പനി വളപ്പിൽനിന്ന് പ്രദേശത്തെ വീടുകളിലേക്കും വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കും വളർന്നുനിൽക്കുന്ന വൻ മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യണമെന്നതും വൻ മരങ്ങളുടെ വേരുകൾ ഇറങ്ങി തകർന്ന റയോൺസിന്റെ ചുറ്റുമതിൽ പുനർ നിർമ്മിക്കണമെന്നതും നാളുകളായുള്ള ആവശ്യമാണ്. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടും എം.പി., എം.എൽ.എ എന്നിവരോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.