കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഹെറോയിൻ കടത്ത് കേസ് വഴിത്തിരവിൽ. 2.91 കിലോ മയക്കുമരുന്നുമായി പിടിയിലായ സിംബാബ്‌വെ സ്വദേശിനി ഷാരോൺ ചിക്ക്‌വാസയ്ക്ക് (30) മയക്കുമരുന്ന് കൈമാറിയത് ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന നൈജീയരൻ സ്വദേശിയെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഖത്തറിലും ഇന്ത്യയിലും സ്വാധീനമുള്ള ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് കടന്നുകളഞ്ഞ രണ്ട് വിദേശ പൗരന്മാരെ കണ്ടെത്താനായിട്ടില്ല. ഇരുവർക്കുമായി എൻ.സി.ബി ഡൽഹി യൂണിറ്റ് അന്വേഷണം ഊർജിതമാക്കി. കടന്നുകളഞ്ഞവരുടെ പേരുവിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഇവരുടെ കൈയിലും ഹെറോയിൻ ഉണ്ടെന്നാണ് കരുതുന്നത്.

എൻ.സി.ബിയുടെ കസ്റ്റഡിലുള്ള ഷാരോൺ ചിക്ക്‌വാസയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കടത്തിക്കൊണ്ടുവന്ന ഹെറോയിൻ ബംഗളൂരുവിലും ഡൽഹിയിലും കൈമാറാൻ വേണ്ടിയായിരുന്നെന്ന ചിക്ക്‌വാസയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടിടത്തും പരിശോധനകൾ പുരോഗമിക്കുകയാണ്. ചിക്ക്‌വാസയുടെ യാത്രാവിവരങ്ങളും ഫോൺകോൾ വിവരങ്ങളും അന്വേഷണ ഏജൻസി ശേഖരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 20 കോടി രൂപയുടെ ഹെറോയിനുമായി ചിക്ക്‌വാസ കൊച്ചി വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. ദോഹയിൽ നിന്ന് ഖത്തർ എയർവെയ്‌സ് വിമാനത്തിൽ കൊച്ചിയിലെത്തിയ ചിക്ക്‌വാസ ബംഗളൂരു വഴി ന്യൂഡൽഹിയിലേക്കു പോകാൻ ശ്രമിക്കുമ്പോഴാണു പിടിക്കപ്പെട്ടത്.