പുതിയ കെട്ടിടം നിർമ്മിക്കാൻ 1.75 കോടി രൂപ
കോലഞ്ചേരി: വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ശാപമോക്ഷമാകുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസലേഷൻ വാർഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ദിവസേന മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന കിടത്തിച്ചികിത്സയുള്ള ആശുപത്രിയാണിത്. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന ആശുപത്രിയിൽ 60 പേരെ ഒരേ സമയം കിടത്തിച്ചികിത്സിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെയെത്തിയ ഡോക്ടർമാർ ആശുപത്രിയോട് കാണിക്കുന്ന അവഗണനയെ തുടർന്ന് രോഗികൾ കാര്യമായി ഇവിടെയെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ എം.എൽ.എ ആശുപത്രിയുടെ താളം തെറ്റിയ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി വിശദമായ ചർച്ചയും പൂർത്തിയാക്കി. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റികൾ പുനസംഘടിപ്പിച്ച് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രവും താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്.ഡോക്ടർമാരുടെ അഭാവം മൂലം മുടങ്ങി കിടക്കുന്ന പോസ്റ്റുമോർട്ടം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. അത്യാഹിത വിഭാഗം, മോർച്ചറി, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, എക്‌സ്റെ, കുട്ടികൾക്കു വേണ്ടി പ്രത്യേക വിഭാഗം, ഫാർമസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലായിരുന്നു.