കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ നഗരത്തിൽ കനത്ത തിരക്ക്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് നിയന്ത്രണങ്ങളോടെ ലോക്ഡൗൺ പിൻവലിച്ചത്. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടലിന് ശേഷം എത്തിയ പ്രവൃത്തിദിനമായിരുന്നത് കൊണ്ടുതന്നെ തിങ്കളാഴ്ച ആളുകൾ കൂട്ടമായി നിരത്തുകളിലേയ്ക്ക് ഇറങ്ങി. നഗരത്തിലെ തുണിക്കടകളിൽ ഏറിയ പങ്കും തുറന്ന് പ്രവർത്തിച്ചു. ജ്വല്ലറികളിലേയ്ക്കും ആളുകൾ കൂട്ടമായി തന്നെ എത്തി. എം.ജി റോഡ്, എസ് .എ റോഡ് തുടങ്ങി ഏറെ വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം തന്നെ കനത്ത തിരക്കുണ്ടായി.
ബ്രോഡ്‌വേയിലെ ഭൂരിഭാഗം കടകളും തുറന്ന് പ്രവർത്തിച്ചു. മാർക്കറ്റിലെ പച്ചക്കറി വ്യാപാര വാണിജ്യ കേന്ദ്രങ്ങളെല്ലാം തന്നെ സജീവമായി. ബാർബർ ഷോപ്പുകളിലും തിരക്ക് തന്നെ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, സർവീസ് നടത്തുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ബസുകളിൽ ഭൂരിഭാഗവും നിരത്തിൽ ഇറങ്ങിയിട്ടില്ല. സർവീസ് നടത്തുന്ന നാമമാത്രമായ ബസുകളിൽ കനത്ത തിരക്ക് കാണാം. കൂടുതൽ ആളുകളും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് നഗരത്തിലേയ്ക്ക് എത്തുന്നത്.
ബസ് സർവീസ് പൂർണ്ണ തോതിലാക്കണം
ബസിന് വേണ്ടി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നത് യാത്രക്കാരെ വലയ്ക്കുന്നു. സ്റ്റോപ്പുകളിൽ ആളില്ല. ചേർത്തല കലൂർ റോഡിൽ നൂറോളം ബസുകൾ ഓടുന്നുണ്ട്. നാലു ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ബസ് സർവീസ് പൂർണ്ണ തോതിൽ നടത്തുന്നതിന് സർക്കാർ അനുമതി നൽകണം
എം.ബി.സത്യൻ
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ