പിറവം: ഗവൺമെന്റ് ഹൈസ്കൂൾ ഹൈടെക് ആക്കുന്നതിനും സ്റ്റേഡിയം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കുമുള്ള കമ്മിറ്റി ഇതേവരെ വിളിച്ചുകൂട്ടാത്തതിൽ പ്രതിഷേധവുമായി നഗരസഭ. സ്കൂളിന് 2018-ൽ 5കോടി 91ലക്ഷം രൂപ അനുവദിച്ചിരുന്നു. എം.എൽ.എ ചെയർമാനായി സ്കൂൾ വികസനസമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും കയറ്റ് എന്ന ഏജൻസി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു. 2020 ൽ ഒരു കോടി 30 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനം നടത്തി ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പിന്നീട് സ്റ്റേഡിയം ഉൾപ്പെടെ മറ്റൊരു പ്രവർത്തനവും നടത്തിയിട്ടില്ല. എത്രയും വേഗം കമ്മിറ്റി വിളിച്ച് ജോലിചെയ്തുതീർക്കണമെന്ന് നഗരസഭ ചെയർപേഴ്സണും സ്കൂൾ വികസന സമിതി അംഗവുമായ ഏലിയാമ്മ ഫിലിപ്പ്, കെ.പി. സലീം, കെ.ആർ. നാരായണൻ നമ്പൂതിരി, സോജൻ ജോർജ്, കെ.സി. തങ്കച്ചൻ, സോമൻ വല്ലയിൽ, ബിമൽചന്ദ്രൻ, എന്നിവർ അനൂപ് ജേക്കബ് എം.എൽ.എയോട് ആവശ്യപ്പെട്ടു.