hocky
hockey

കൊച്ചി: കാലിൽ ബൂട്ട്. ഒരു കൈയിൽ ഹോക്കി സ്റ്റിക്കും മറുകൈയിൽ നെൽവിത്തുകളും. കൊച്ചി നഗരം ലോക ഒളിമ്പിക്സ് ദിനമായ ഇന്നലെ സാക്ഷിയായത് ഹോക്കി താരങ്ങളുടെ വേറിട്ട പ്രതിഷേധം. പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ദുരിതങ്ങൾ പങ്കുവച്ചിട്ടും ഹോക്കി ഗ്രൗണ്ടിനെ ചെളിക്കുണ്ടിൽ നിന്ന് കരകയറ്റാൻ ആരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മുൻ താരങ്ങളടക്കം അണിനിരന്ന് വിത്തിറക്കൽ സമരം സംഘടിപ്പിച്ചത്. കായിക കേരളത്തിന് ഒരുപിടി താരങ്ങളും പുരസ്കാരങ്ങളും നൽകിയ എറണാകുളം ഹോക്കി ടീമിനും മഹാരാജാസ് കോളേജ് ടീമിനും പരിശീലനം നടത്താൻ ഇടമില്ലാത്ത അവസ്ഥയാണിപ്പോൾ.

 ചെളിക്കുളമായത് ഇങ്ങനെ

 2013ൽ മെട്രോ നിർമ്മാണത്തിനായി ഗ്രൗണ്ട് കെ.എം.ആർ.എൽ ഏറ്റെടുത്തു

 തിരികെ കൈമാറുമ്പോൾ മികച്ച ഗ്രൗണ്ടെന്ന് വാഗ്ദാനം

 നിർമ്മാണത്തിനിടെ ചെളിയും മറ്റും നിക്ഷേപിച്ചു

 ഗ്രൗണ്ട് പാർക്കിംഗിനായി അനുവദിക്കണമെന്ന് കെ.എം.ആർ.എൽ

 അധികൃതരും വിദ്യാർത്ഥികളും കെ.എം.ആ‌ർ.എല്ലിനെതിരെ

 വാഗ്ദാനം പാലിക്കാതെ കെ.എം.ആർ.എൽ കൈയൊഴിഞ്ഞു

 ഹോക്കിയിൽ നിരാശ

കെ.എം.ആർ.എൽ. സ്റ്റേഷന്റെ നിർമ്മാണങ്ങൾക്കായി മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട് ഏറ്റെടുക്കുകയും പിന്നീട് കൈയൊഴിഞ്ഞതുമാണ് ഹോക്കിയുടെ വളർച്ച മുരടിക്കാൻ കാരണം. യൂണിവേഴ്‌സിറ്റി, സംസ്ഥാന തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വാരിക്കൂട്ടിയ മഹാരാജാസ് കോളേജ് ടീമും ജില്ലാ ടീമും ഏറെ പിന്നിലാണിപ്പോൾ.പരിശീലനത്തിനായി ഗ്രൗണ്ടില്ലാത്തതാണ് തിരിച്ചടിയായത്. നിലവിൽ മാസ്റ്രേഴ്സ് ഹോക്കി 40 പ്ലസ്, 30 പ്ലസ്, 30 പ്ല്സ് വനിതാ വിഭാഗങ്ങളിൽ എറണാകുളമാണ് മുന്നിൽ. എന്നാൽ ഇവ‌‌ർക്ക് പരിശീലനത്തിന് ഇപ്പോൾ ഗ്രൗണ്ട് ഇല്ലാത്ത സ്ഥിതിയാണ്.

 മണ്ണിട്ടുയർത്തണം
രണ്ട് വർഷം മുമ്പ് ഹോക്കി താരങ്ങൾ രണ്ട് ലക്ഷം രൂപ സമാഹരിച്ച് ഗ്രൗണ്ട് നവീകരിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത് ദിവസത്തെ വേനൽമഴയിൽ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങി. ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തുകയും വെള്ളം ഒഴുകിപോകാൻ കാനയും നിർമ്മിച്ചാൽ മാത്രമേ ശാശ്വത പരിഹാരമാകൂ. അത്യാധുനിക ഗ്രൗണ്ടിനായി ഏകദേശം 1.30 കോടി വേണം. ടർഫ് ഗ്രൗണ്ടിന് 3 കോടിയെങ്കിലും മുടക്കണം. മഹാരാജാസ് ഹോക്കി ഗ്രൗണ്ട് നവീകരണത്തിനായി സർക്കാർ 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ കേവലം 45 ലക്ഷം രൂപയിൽ ഗ്രൗണ്ട് നവീകരിക്കാൻ കഴിയില്ല. മെട്രോ കൂടി കനിഞ്ഞാലേ മികച്ച മൈതാനവും കളിക്കാരെയും വാർത്തെടുക്കാൻ കഴിയുകയുള്ളൂ.

 എറണാകുളം മഹാരാജാസ് കോളേജിൽ ഇക്കുറി ഹോക്കിയിൽ ഒരാൾ പോലും പ്രവേശനം നേടിയിട്ടില്ല. വിദ്യാർത്ഥികളെല്ലാം സമീപ ജില്ലകളിലെ കോളേജുകളലേക്കാണ് ചേക്കേറുകയാണ്. രണ്ട് വർഷം മുമ്പ് വരെ നല്ലൊരു ടീം എറണാകുളത്തിനും മഹാരാജാസിനുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
ജൂബി ജോർജ്
ഭാരവാഹി
ഹോക്കി ഫെഡറേഷൻ