കൊച്ചി: കാലിലെ രക്തധമനിയിൽ അടിഞ്ഞു കൂടിയ കാത്സ്യം സംസ്ഥാനത്ത് ആദ്യമായി ഐ.വി.എൽ (ഇൻട്രോവാസ്‌കുലർ ലിതോട്രിപ്‌സി) എന്ന നൂതന ചികിത്സാരീതിയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂർച്ഛിച്ച് ഉണങ്ങാത്ത വ്രണവും കാലുവേദനയുമായി രണ്ടാഴ്ച മുമ്പ് വി.പി.എസ് ലേക്ക്‌ഷോറിൽ ചികിത്സതേടിയ 75കാരനാണ് ആശ്വാസം ലഭിച്ചത്. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. സിബി ഐസക്, ഡോ. ആനന്ദ്കുമാർ. വി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
കാലിലേക്കുള്ള പ്രധാനധമനി കാൽസ്യം അടിഞ്ഞു കൂടി ഏതാണ്ട് പൂർണമായും അടഞ്ഞിരുന്നു. ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് കാത്സ്യത്തെ പൊടിച്ച് നീക്കുകയാണ് രീതി. തുടർന്ന് അവിടെ സ്റ്റെന്റ് സ്ഥാപിച്ച് രക്തപ്രവാഹം ശരിയായ നിലയിലാക്കും. ചെറിയൊരു ദ്വാരത്തിലൂടെ (പിൻഹോൾ) ലോക്കൽ അനസ്‌തേഷ്യയുടെ സഹായത്താൽ ചെയ്യാവുന്ന പ്രക്രിയയാണ് ഇതെന്ന് ഡോ. സിബി ഐസക് പറഞ്ഞു.