തോപ്പുംപടി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലനിൽക്കുമ്പോൾ അന്യസംസ്ഥാന ബോട്ടുകൾ അനധികൃത മത്സ്യ ബന്ധനം നടത്തുന്നതായി വ്യാപക പരാതി. അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, തൂത്തുക്കുടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് മീൻകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള മത്സ്യങ്ങളെ തൂത്തുവാരി കൊണ്ടു പോകുന്നത്. കൊല്ലം, മുനമ്പം ബേപ്പൂർ, ലക്ഷദ്വീപിന്റെ മധ്യഭാഗം തുടങ്ങിയ മേഖലകളിൽ നിന്നാണ് നിരോധനം നിലനിൽക്കെ മീൻപിടുത്തം നടക്കുന്നത്. സംസ്ഥാനത്ത് ആയിരക്കണക്കിന് തൊഴിലാളികൾ നിരോധനത്തിന്റെ പേരിൽ വറുതിയിൽ കഴിയുകയാണ്. ഈ സ്ഥിതി തുടർന്നാൽ നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുന്ന തൊഴിലാളികൾ വീണ്ടും പട്ടിണിയിലാകുന്ന അവസ്ഥ തുടരും. സംസ്ഥാന സർക്കാരിന് നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്തതാണ് ഇത്തരം കടന്നുകയറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗിൽനെറ്റ് ആൻഡ് ലോംഗ് ലെയിംഗ് ഏജന്റ് അസോസിയേഷൻ സംസ്ഥാന ഫിഷറീസ് വകുപ്പിന് പരാതി നൽകി. 24 മണിക്കൂറും കടലിൽ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവർ പരിശോധന നടത്തുന്ന സമയത്താണ് കേരളക്കരയിൽ അന്യസംസ്ഥാന ബോട്ടുകളുടെ കടന്നുകയറ്റം. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടൽ വന്നതോടെ സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റി പോകേണ്ട കോടിക്കണക്കിന് രൂപയുടെ സമുദ്രമത്സ്യങ്ങൾ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇതോടെ പീലിംഗ് ഷെഡിലെ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളും ദുരിതത്തിലാണ്.