മൂവാറ്റുപുഴ: വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥികൾ സാമൂഹ്യസേവനരംഗത്ത് ശ്രദ്ധേയമാകുന്നു. ആവോലി പഞ്ചായത്ത് ഒന്നാംവാർഡിലെ അറുപത് കുടുംബങ്ങൾക്ക് അമ്പതിനായിരത്തോളം രൂപ വിലവരുന്ന സഹായം നൽകി. ചിക്കൻ, പച്ചക്കറികൾ, പലചരക്കുകൾ, സ്റ്റേഷനറി സാധനങ്ങൾ, മാസ്ക് മുതലായവയടങ്ങിയ കിറ്റ് വിതരണം ചെയ്തുകൊണ്ട് കോളേജിലെ എൻ.എസ്.എസ് യൂണിറ്റാണ് സഹജീവികളോടുള്ള കരുതൽ പ്രകടമാക്കിയത്.
ടാബ് ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാക്‌സിൻ കേന്ദ്രങ്ങൾ ഒരുക്കുക, വാക്‌സിൻ രജിസ്‌ട്രേഷന് സാങ്കേതികപരിജ്ഞാനം ഇല്ലാത്തവരെ സഹായിക്കുക, ബോധവത്കരണം നടത്തുക തുടങ്ങി പ്രവർത്തനങ്ങളിൽ സജീവമാണ്. സ്‌കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുന്ന ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികളെ ഓരോ എൻ.എസ്.എസ് വോളന്റിയറും ദത്തെടുത്ത് പഠനത്തിനും പരിശീലനത്തിനും സഹായിക്കുന്നത് ഉൾപ്പെടെയുള്ള 'കൂടെ' എന്ന പദ്ധതിയും നടപ്പാക്കുന്നു.
കടലാക്രമണം നേരിടേണ്ടിവന്ന ചെല്ലാനത്ത് നൂറ് കുടുംബങ്ങൾക്ക് അരിയും പലചരക്ക് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകി കടലിന്റെ മക്കൾക്ക് കൈത്താങ്ങായി. എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ. രാജേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകുന്നു.
പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, ബർസാർ ഫാദർ ഫ്രാൻസിസ് കണ്ണാടൻ തുടങ്ങിയവർ പിന്തുണയുമായി ഒപ്പമുണ്ട്.
കോളേജിന്റെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് നാക് ടീമിന്റെ പ്രത്യേക പരാമർശം നേടിയിരുന്നു. എ ++ ഗ്രേഡ് നേടിയ ഇന്ത്യയിലെതന്നെ അഫിലിയേറ്റഡ് കോളേജുകളിൽ എറ്റവും ഉയർന്ന സ്ഥാനത്ത് എത്തുവാൻ കോളേജിന് സഹായകരമായ പദ്ധതികളായി ഇത് മാറിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.