കൊച്ചി: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിൽ കുരുന്നു വിദ്യാർത്ഥികളെ രണ്ട് തട്ടാക്കി വിഭജിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.

കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി കാക്കനാട് ഡി.ഡി. ഇ. ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതെ പ്രയാസപ്പെടുമ്പോഴും സർക്കാർ സമ്മർദ്ദം ചെലുത്തി അദ്ധ്യാപകരെ പ്രയാസപ്പെടുത്തുകയാണ്.

അദ്ധ്യാപന നിയമനങ്ങൾ നടപ്പിലാക്കാത്തത് ഓൺലൈൻ വിദ്യാഭ്യാസം ഉൾപ്പെടെ തകരാറിലാക്കുന്നു. 16,000 അദ്ധ്യാപകരുടെ ഒഴിവുള്ളപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണം എങ്ങനെ നടപ്പിലാക്കും? കേരളത്തിന്റെ സുശക്തമായ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന സർക്കാർ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതു വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകൾ നികുത്തുക, പി എസ് സി നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും നിയമന ഉത്തരവ് നൽകുക, എയ്ഡഡ് സ്‌ക്കൂൾ അദ്ധ്യാപകനിയമനങ്ങൾ അംഗീകരിക്കുക,പ്രൈമറി പ്രഥമാദ്ധ്യാപക നിയമനങ്ങൾ പൂർത്തിയാക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം സർക്കാർ ഉറപ്പുവരുത്തുക, ക്ലാസുകൾ ആരംഭിച്ചതിനാൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്‌. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.