കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന് ഒത്താശ ചെയ്ത ഗൾഫിലെ രണ്ട് വിമാനക്കമ്പനികൾക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. യു.എ.ഇ. ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ്, എമിറേറ്റ്‌സ് സ്‌കൈ കാർഗോ എന്നീ കമ്പനികൾ സ്വർണക്കടത്തിന് ഒത്താശ നൽകിയതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എംബസി അറിയാതെ സ്വർണക്കടത്തുകാരുടെ ബാഗേജിന് സ്വന്തം നിലയ്ക്ക് അനധികൃതമായി നയതന്ത്രപരിരക്ഷ നൽകിയെന്നതാണ് കുറ്റം. വിമാനക്കമ്പനി ഉന്നതോദ്യോഗസ്ഥരെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു.
രണ്ടു കമ്പനികളുടെയും തിരുവനന്തപുരത്തെ ഓഫീസുകളിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിട്ട് നോട്ടീസ് കൈമാറി. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചു.
വിമാനക്കമ്പനികളുടെ പങ്ക്
നയതന്ത്ര പരിരക്ഷയുള്ള ബാഗേജുകൾ പരിശോധനയില്ലാതെ കൊണ്ടുവരാം. ബാഗേജ് അയയ്ക്കുന്ന രാജ്യത്തെ വിദേശകാര്യ മന്ത്രാലയം എംബസി വഴി നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക എയർവേ ബിൽ തയ്യാറാക്കണം. കത്തുള്ള ബാഗേജുകൾ മാത്രമേ നയതന്ത്രപരിരക്ഷയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്താവൂ.
വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തില്ലാതെ തന്നെ ബാഗേജുകൾ നയതന്ത്ര പരിരക്ഷയുള്ളവ എന്ന പേരിൽ രണ്ടു വിമാന കമ്പനികളും നിരവധി തവണ തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലേക്കെന്ന വ്യാജേന എത്തിച്ചു. യു.എ.ഇയിലെ മലയാളികൾ ഉൾപ്പെട്ട കള്ളക്കടത്ത് സംഘത്തിന്റെ സ്വാധീനത്തിലാണ് സ്വർണം ഉൾപ്പെടെ ഇത്തരം ബാഗേജുകളിൽ എത്തിച്ചത്.
ദുബായ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ആസൂത്രണം ചെയ്തു നടപ്പാക്കിയ ഫൈസൽ ഫരീദ് നയിക്കുന്ന കള്ളക്കടത്ത് സംഘത്തെ സഹായിക്കാൻ വിമാനക്കമ്പനിയുടെ ഉന്നതോദ്യോഗസ്ഥർ ശ്രമിച്ചു.
സ്വർണക്കടത്ത് ചാറ്റിംഗിന് കോഡ് ഭാഷ
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിന് ദുബായിലെ ആസൂത്രകനായ കെ.ടി. റമീസും കേരളത്തിൽ നിയന്ത്രിച്ചിരുന്ന സന്ദീപ് നായരും പി.എസ്. സരിത്തും ആശയവിനിമയത്തിന് കള്ളപ്പേരുകളിൽ കോഡ് ഭാഷയിൽ ചാറ്റ് ചെയ്തിരുന്നു. 2019 ൽ നടത്തിയ ചാറ്റുകൾ മൊബൈൽ ഫോണുകളിൽ നിന്ന് കസ്റ്റംസ് തിരിച്ചെടുത്തു. പ്രതികൾക്ക് നൽകിയ നോട്ടീസിൽ ഇക്കാര്യവും വിവരിച്ചിട്ടുണ്ട്.
സി.പി.എം കമ്മിറ്റി എന്ന പേരിലായിരുന്നു ഗ്രൂപ്പ്. നോട്ടിഫിക്കേഷൻ എന്നാണ് സ്വർണത്തിന് നൽകിയ പേര്. സൂസപാക്യം (പി.എസ്. സരിത്ത് ), ഹലോ (കെ.ടി. റമീസ് ), സാൻഫ്രാൻസി (സന്ദീപ് നായർ) എന്നീ പേരുകളിലായിരുന്നു ചാറ്റുകൾ. സ്വപ്ന സുരേഷിനെ മാഡം എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. സ്വർണം വിമാനത്തിൽ കയറ്റുന്നത് മുതൽ തിരുവനന്തപുരത്ത് കൈപ്പറ്റി പുറത്തു കൊണ്ടുപോകും വരെ ചാറ്റ് തുടരും.
2019 ജനുവരി 12 ന് നടത്തിയ ചാറ്റിൽ 50 കിലോ സ്വർണം കയറ്റിവിട്ടതായി അറിയിച്ചെന്ന് സരിത്ത് പറയുന്നു. കൂടുതൽ സ്വർണമുള്ളതിനെക്കുറിച്ച് മുൻ കോൺസൽ ജനറൽ അൽ സാബിയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ സ്വപ്ന സുരേഷിനെക്കൊണ്ട് സംസാരിപ്പിക്കാനും നിർദ്ദേശിക്കുന്നു. കിട്ടുന്ന പെട്ടി അൽ സാബിയെ കാണിക്കാനും ആവശ്യമുള്ളത് എടുക്കാൻ അനുവദിക്കാനും റമീസ് നിർദ്ദേശം നൽകി.
ഒന്നര മണിക്കൂർ മുമ്പേ താൻ വിവരം അറിഞ്ഞെന്ന് കേരളത്തിലെത്തുന്ന സ്വർണം കൈകാര്യം ചെയ്യുന്ന സന്ദീപ് നായർ പറയുന്നു. സുരക്ഷിതമായി കടത്താൻ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എളുപ്പത്തിന് ഇനി ഭാരം കുറയ്ക്കണമെന്നും പറയുന്നു.
കുഴപ്പമില്ലെന്നും ധൈര്യമായിരിക്കാനുമാണ് റമീസിന്റെ മറുപടി. രണ്ടു വലിയ പായ്ക്കറ്റിലാണ് സ്വർണം. ബാക്കി കളഞ്ഞാലും കുഴപ്പമില്ല. കാറിൽ കയറ്റി കൊണ്ടുപോകാമെന്നും റമീസ് അറിയിക്കുന്നുണ്ട്. ഫെബ്രുവരി രണ്ടിനും ഇവർ ചാറ്റിലൂടെ സ്വർണം കടത്തുന്ന വിവരങ്ങൾ പങ്ക് വച്ചു.