padmaja

സ്ത്രീധനത്തെ ചൊല്ലിയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ടെലിവിഷൻ സീരിയലുകൾക്ക് പ്രധാന പങ്കുണ്ട്. അത്രയധികം സ്വാധീനമാണ് സീരിയലുകൾക്ക് ഓരോ വീട്ടിലുമുള്ളത്. കഥാപാത്രങ്ങൾ വീടുകളിലെ അംഗങ്ങളായി മാറുന്നു. കുടുംബബന്ധങ്ങളെ ഏറ്റവും വികൃതമായ രീതിയിലാണ് മിക്ക സീരിയലുകളിലും ചിത്രീകരിക്കുന്നത്. കുട്ടികളും സ്ത്രീകളുമാണ് പ്രധാന കാഴ്ച്ചക്കാർ. പലർക്കും ഇത് ലഹരിയെന്ന പോലെ അടിമത്തമായി മാറിയിട്ടുണ്ട്. വർഷങ്ങളോളം നീളുന്ന സീരിയലുകളുമായി വൈകാരിക ബന്ധം രൂപപ്പെടുന്നതിൽ അത്ഭുതമില്ല. കിടപ്പറ രംഗങ്ങളും ചുംബനങ്ങളും ഇല്ലെന്നതാണ് സീരിയലുകളുടെ നല്ല വശമായി പറയപ്പെടുന്നത്. എന്നാൽ അതിനെക്കാൾ അപകടകരമായ വിഷലിപ്തമായ സന്ദേശങ്ങളാണ് സീരിയലുകൾ വഴി ഓരോ വീടിന്റെയും സ്വീകരണമുറികളിലെത്തുന്നത്. അമ്മായിയമ്മ - മരുമകൾ സംഘർഷം, സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്ക്, നാത്തൂൻ പോര്, അവിഹിത ബന്ധങ്ങൾ തുടങ്ങി സ്ത്രീകളെ ഏറ്റവും നിന്ദ്യമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. സീരിയലിൽ മരുമകൾ - അമ്മായിയമ്മ പോര് കണ്ട് ഒരു സുഹൃത്തിന്റെ മകൻ എന്തുകൊണ്ടാണ് ആ സീരിയലിലെ പോലെ അമ്മയെ അച്ഛമ്മ മർദ്ദിക്കാത്തതെന്ന് ചോദിച്ചത് മറക്കാൻ കഴിയുന്നില്ല. എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെ നടക്കുമെന്നാണ് കുട്ടികളുടെ ധാരണ. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സ്വഭാവിക കാര്യമെന്ന രീതിയിലാണ് ഇതിലെല്ലാം കാണിക്കുന്നത്. സ്ത്രീ സർവംസഹയാകണമെന്ന സന്ദേശമാണ് കഥാപാത്രങ്ങൾ നൽകുന്നത്.