കൊച്ചി: സാധാരണക്കാരന്റെ ചെലവിൽ സ്വകാര്യ ആശുപത്രികളെ സഹായിക്കേണ്ടെന്നും ഇവരെ സഹായിക്കണമെന്ന് സർക്കാരിനു തോന്നിയാൽ പദ്ധതികൾ നടപ്പാക്കാനാകുമെന്നും ഹൈക്കോടതി പറഞ്ഞു. റൂമുകളിലെയും സ്യൂട്ടുകളിലെയും കൊവിഡ് ചികിത്സയുടെ നിരക്ക് ആശുപത്രികൾക്കു നിശ്ചയിക്കാമെന്ന സർക്കാരിന്റെ പുതിയ ഉത്തരവ് ഹൈക്കോടതി വിധിയെ റദ്ദാക്കുന്ന വിധത്തിലുള്ളതാണ്. ഓക്സിജന് 46,000 രൂപയും കഞ്ഞിക്ക് 1300 രൂപയും ഈടാക്കിയത് ഒാർക്കുന്നില്ലേ? ഇത്തരമൊരുത്തരവ് നിർഭാഗ്യകരമായിപ്പോയി.

കൊവിഡ് അടുത്ത തരംഗത്തിനായി കാത്തു നിൽക്കുകയാണ്. അമിതമായ നിരക്ക് ഈടാക്കുന്നതിനെതിരെയാണ് ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി വിധി വന്നശേഷം രണ്ടു മാസം കഴിഞ്ഞു. ഇത്തരം പരാതികൾ പിന്നീടുണ്ടായില്ല. സ്കൂളുകൾ തുറന്നതോടെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. ഇതിനിടെ രോഗബാധകൂടിയുണ്ടായാൽ എന്തു ചെയ്യും. ഈ സമയത്ത് കുറേക്കൂടി മികച്ച നടപടിയാണ് വേണ്ടത്. രണ്ടു മാസം മുമ്പ് എന്തായിരുന്നു സ്ഥിതിയെന്ന് മറന്നുപോയോ? സ്ഥിതി കുറച്ചൊന്നു മാറിയപ്പോൾ ശ്രദ്ധയും മാറി.

മൂന്നാം തരംഗം ഉണ്ടാവുമ്പോൾ അഞ്ചും പത്തും ലക്ഷം രൂപ ഈടാക്കിയെന്ന് വാർത്ത വരും. സാധാരണക്കാർക്ക് അഭയമാകാനാണ് കോടതി ഇടപെട്ടത്. സ്വകാര്യ ആശുപത്രികളുടെ കാര്യവും കോടതിയുടെ പരിഗണനയിലുണ്ട്. അവയും പ്രവർത്തിക്കണം. സ്വകാര്യ ആശുപത്രികൾ നിരക്കു കൂട്ടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ കൃത്യമായി കാര്യങ്ങൾ വിലയിരുത്തി ചെറിയതോതിൽ നിരക്ക് കൂട്ടുമെന്നാണ് കരുതിയത്. എന്നാൽ റൂമുകളെ പൂർണമായി ഒഴിവാക്കുമെന്ന് കരുതിയില്ല. വി.ഐ.പി പരിഗണനയുള്ള ചികിത്സയുടെ കാര്യമാണ് നിങ്ങൾ പറയുന്നത്. കൊവിഡിന് വി.ഐ.പിയെന്നോ സാധാരണക്കാരനെന്നോ ഇല്ല. പണത്തിന് കൊവിഡിൽ നിന്ന് രക്ഷിക്കാനാവില്ല. - ഹൈക്കോടതി വാക്കാൽ പറഞ്ഞു.