1
മഹാത്മ സ്നേഹ അടുക്കളയിൽ താരങ്ങൾ ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ

തോപ്പുംപടി: കഴിഞ്ഞ 45 ദിവസമായി കപ്പലണ്ടിമുക്ക് ഷാദി മഹലിൽ പ്രവർത്തിച്ചിരുന്ന മഹാത്മ സ്റ്റേഹ അടുക്കളയുടെ പ്രവർത്തനം സമാപിച്ചു. പശ്ചിമകൊച്ചിയിൽ രോഗ വ്യാപനം കുറഞ്ഞ അവസ്ഥയിലാണ് തൽക്കാലത്തേക്ക് പ്രവർത്തനം നിർത്തിവെച്ചതെന്ന് ചെയർമാൻ ഷമീർ വളവത്ത് പറഞ്ഞു. ഒന്നാം തരംഗത്തിൽ ദിനംപ്രതി അയ്യായിരം പേർക്കും രണ്ടാം തരംഗത്തിൽ മൂവായിരം പേർക്കും ഇവിടെ നിന്ന് 3 നേരവും ഭക്ഷണം നൽകിയിരുന്നു. കച്ചി മേമൻ അസോസിയേഷന്റെ സഹകരണത്തോടെയാണ് അടുക്കള പ്രവർത്തിച്ചിരുന്നത്. 30 ഓളം ചെറുപ്പക്കാരാണ് പ്രതിഫലമൊന്നും കൂടാതെ ഇതിനായി പ്രവർത്തിച്ചത്. ഭക്ഷണം കൂടാതെ ഭക്ഷ്യധാന്യ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും ഇവർ നൽകി. സമാപന ദിവസം സിനിമ - സീരിയൽ താരങ്ങളാണ് ഭക്ഷണം വിളമ്പിയത്. സാജൻ പള്ളുരുത്തി, കലാഭവൻ ഹനീഫ്, പ്രദീപ് പള്ളുരുത്തി, ഡയാനാ സിൽവസ്റ്റർ, നീരജ പിള്ള, അൻസാർ കൊച്ചി, റഫീക്ക് ഉസ്മാൻ സേഠ്‌ തുടങ്ങിയവർ സംബന്ധിച്ചു.