കൊച്ചി: വായനാവാരാചരണത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിദ്യാർത്ഥികൾ ഓൺലൈനിൽ ഇന്ന് അണിനിരക്കും. ഒരു പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ വിദ്യാർത്ഥികൾ വായിക്കും.
ഇന്നു വൈകിട്ട് നാലിന് നടക്കുന്ന അക്ഷരജ്യോതി പരിപാടി സി.ബി.എസ്.ഇ അക്കാഡമിക് ഡയറക്ടർ ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിച്ച് പുസ്തകത്തിന്റെ ആദ്യഭാഗം വായിക്കും. തുടർന്ന് കാശ്‌മീരിലെ വിദ്യാർത്ഥി രണ്ടാം പാരഗ്രാഫ് വായിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ ഓരോ പാരഗ്രാഫ് വീതം വായിക്കും. കേരളത്തിലെ വിദ്യാർത്ഥി അവസാനഭാഗവും വായിക്കുന്നതാണ് പരിപാടി.
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരരാജൻ അറിയിച്ചു.