കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കി. ഇത്തരം കേസുകളിൽ ജാമ്യ ഹർജി പരിഗണിക്കാനുള്ള അധികാരം പോക്സോ കോടതിക്കാണ്. അതേസമയം ഇതേ കേസിൽ കോടതിയിൽ കീഴടങ്ങിയ ആഷിഖ്, രാജേന്ദ്രൻ എന്നീ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഷാൻ മുഹമ്മദിന് സാമ്പത്തിക സഹായം നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ഷാൻ മുഹമ്മദിന്റെ മുൻ ഡ്രൈവർ റിയാസാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കഴിഞ്ഞ മാർച്ചിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് ഷാൻ മുഹമ്മദിന് അറിവുണ്ടായിട്ടും പരാതി നൽകിയില്ലെന്നും പ്രതിയെ സഹായിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഷാൻ മുഹമ്മദ് ഒളിവിലാണ്.