k
കുറുപ്പംപടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ

കുറുപ്പംപടി: കുറുപ്പംപടി ജംഗ്ഷനിലെ പ്രവർത്തിക്കാത്ത നിരീക്ഷണകാമറയുടെ മുന്നിൽ ആഡംബര കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രധാന ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലാണ് കാർ കിടന്നത് കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ ഉപേക്ഷിച്ചുപോയത്. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. കാർ സ്റ്റേഷനിലേക്ക് മാറ്റി. സ്വർണക്കടത്തുമായി വാഹനത്തിന് ബന്ധമുണ്ടോ എന്നുകൂടി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിൽനിന്ന് ഒന്നും കണ്ടെത്താനായില്ല.

ഇവിടെയുള്ള നിരീക്ഷണകാമറ പ്രവർത്തിച്ചിരുന്നെങ്കിൽ അന്വേഷണത്തിന് കരുത്താകുമായിരുന്നു. ടൗണിൽ പലയിടങ്ങളിലായി പൊലീസും മർച്ചന്റ് അസോസിയേഷനും ചേർന്ന് സ്ഥാപിച്ച നിരീക്ഷണ കാമറകൾ മാസങ്ങളായി തകരാറിലാണ്. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിൽ കാണാവുന്ന വിധത്തിലായിരുന്നു സംവിധാനം.