കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായ ടി.ഒ.സൂരജ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 17 (എ) പ്രകാരം പൊതുസേവകർക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യാനും മുൻകൂർ അനുമതി വേണം. എന്നാൽ കേസിൽ വിജിലൻസ് അന്വേഷണം നടത്തിയതും തന്നെ അറസ്റ്റ് ചെയ്തതും ഈ വ്യവസ്ഥ പാലിക്കാതെയാണെന്ന് സൂരജിന്റെ ഹർജിയിൽ പറയുന്നു. കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കെ അഭിഭാഷകൻ മുഖേന വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് വിജിലൻസ് നൽകിയ മറുപടിയും സൂരജ് ഹാജരാക്കിയിട്ടുണ്ട്.
പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണത്തിന് കരാറെടുത്ത ആർ.ഡി.എസ് കമ്പനിക്ക് 8.29 കോടി രൂപ അഡ്വാൻസായി നൽകാൻ തീരുമാനിച്ചെങ്കിലും ഇതിനു പലിശ നിശ്ചയിച്ചിരുന്നില്ല. താനാണ് പലിശ നിശ്ചയിച്ചതെന്നും കരാർ കമ്പനിയെ സഹായിക്കാനായിരുന്നെങ്കിൽ പലിശയില്ലാതെ തുക നൽകാമായിരുന്നെന്നും ഹർജിക്കാരൻ പറയുന്നു.