കൊച്ചി: മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ അയ്യപ്പൻകാവ് ശ്രീനാരായണ എച്ച്.എസ്.എസിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോൺ ലൈബ്രറി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആറു കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ കയറാൻ കഴിയാത്ത കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂൾ മാനേജർ പി.ഐ. രവി പറഞ്ഞു. പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സുമനസുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യം കഴിഞ്ഞാൽ ഫോൺ തിരികെ സ്‌കൂൾ ഫോൺ ലൈബ്രറിയിൽ സൂക്ഷിക്കും. പിന്നീട് ഫോണില്ലാത്ത കുട്ടികൾക്ക് നൽകും.
ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ഐ. രവി, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ബി. ലോല, പ്രിൻസിപ്പൽ ടി.ജെ. ജിൻസി, സമാജം സെക്രട്ടറി ഐ.ജി. ചന്ദ്രബാബു, അദ്ധ്യാപകരായ എസ്. സുരേ്, ഡോ. ശ്രീലേഖ എന്നിവർ പങ്കെടുത്തു.