കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ശ്രീകുമാരേശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് 28,000 രൂപ കവർന്നു.

ബുധനാഴ്ച രാത്രിയാണ് സംഭവം. താഴ് അറുത്ത് അകത്തു കയറിയ മോഷ്ടാവ് ഷെൽഫിൽ വച്ചിരുന്ന പണം മോഷ്ടിച്ചു. ഷെൽഫിൽ നിന്ന് ചുറ്രമ്പലത്തിന്റെ താക്കോൽ എടുത്ത് ഭണ്ഡാരം തുറന്നെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല.

ഇന്നലെ രാവിലെ 4.30ന് ക്ഷേത്രം കീഴ്ശാന്തി പി.എൻ.തിരുമേനി നിത്യപൂജയ്ക്ക് എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ഉടൻ മേൽശാന്തി മുരളീധരനെ വിവരം അറിയിച്ചു. സെൻട്രൽ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി പരിശോധന നടത്തി.