കൊച്ചി: പള്ളുരുത്തി ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ തമിഴ്‌നാട് സ്വദേശികളായ രണ്ടു കുട്ടികളെയും എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തി. റെയിൽവേ പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷെൽട്ടർ ഹോമിൽ നിന്നാണ് വരുന്നതെന്ന് മനസിലായത്. ഇരുവരും 16 വയസുകാരാണ്. ശിശുക്ഷേമസമിതിക്ക് കൈമാറിയ ഇവരെ തിരികെ ഷെൽട്ടർ ഹോമിലെത്തിച്ചു.
ഒരുമാസം മുൻപ് ഇടുക്കി സ്വദേശിയായ 15കാരൻ ഇവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് കടന്നതും അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
മലപ്പുറംകാരനെ വീട്ടുകാർക്കൊപ്പം അയച്ചു
മലപ്പുറത്തു നിന്ന് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞ 17കാരനും റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കുടുങ്ങി. ശിശുക്ഷേമസമിതി മാതാപിതാക്കളെ വിളിച്ച് വരുത്തി അവർക്കൊപ്പം അയക്കുകയും ചെയ്തു. പഠനകാര്യങ്ങൾ തിരക്കുന്നതിനായാണ് എറണാകുളത്തേക്ക് പോന്നതെന്നാണ് കുട്ടി പറഞ്ഞത്.