fg

കൊച്ചി: കയറി ചെല്ലാൻ ഇടമില്ല, സഹായിക്കാൻ ആളില്ല, ജോലിയോ വരുമാനമോ ഇല്ല,,,,,

പ്രതീക്ഷയുടെ ഒരു തിരിവെട്ടം പോലും കാണാതെ നിരാശയുടെ കടലാഴങ്ങളിലേക്ക് വീഴുന്നവർക്ക് കൈത്താങ്ങുമായി കുടുംബശ്രീയുടെ സ്നേഹിത. സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരിടം. സൗജന്യ ഭക്ഷണം, കൗൺസിലിംഗ്, നിയമസഹായം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. മക്കളെ ഒപ്പം താമസിപ്പിക്കാമെന്നതാണ് ഏറ്റവും വലിയ ആശ്വാസം. എന്നാൽ അതിനുമുമ്പ് ശിശുക്ഷേമസമിതിയുടെ മുമ്പാകെ കുട്ടികളെ ഹാജരാക്കി അനുമതി വാങ്ങണം. 18 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും അമ്മമാർക്ക് ഒപ്പം ഇവിടെ കഴിയാം.

വിവാഹിതർക്ക് മാത്രമല്ല അവിവാഹിതരായ സ്ത്രീകൾക്കും കാക്കനാട് കുന്നുംപുറം റോഡിലുള്ള സ്നേഹിത ഷെൽട്ടർ ഹോമിൽ അഭയംലഭിക്കും. സങ്കീർണമായ പ്രശ്നങ്ങളിൽ പെട്ടു നട്ടംതിരിയുന്ന സ്ത്രീകൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി 11 ജീവനക്കാർ ഉണ്ട് . സെക്യൂരിറ്റിയുടെയും കെയർ ടേക്കറിന്റെയും സേവനം 24 മണിക്കൂറും ലഭ്യമാണ്. ഒരാഴ്ചയിൽ കൂടുതൽ സ്നേഹിതയിൽ തങ്ങാൻ അനുമതിയില്ല. കൂടുതൽകാലം താമസം വേണ്ടിവരുന്നവർക്ക് അധികൃതർ മറ്റ് സൗകര്യങ്ങൾ ഉറപ്പാക്കും. ജോലി കണ്ടെത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യും. തൊഴിൽ പരിശീലനം വേണ്ടവർക്ക് അതിനും വഴിയുണ്ടാക്കും.

 പ്രവേശനമില്ല

മാനസിക പ്രശ്നങ്ങളുള്ളവർക്കും സ്വത്തു സംബന്ധമായ കേസുകളിൽപെട്ടവർക്കും സ്നേഹിതയിൽ പ്രവേശനം ലഭിക്കില്ല

 സ്‌നേഹിത ടോൾ ഫ്രീ നമ്പർ :1800 4255 5678

ആകെ 1560 ഗാർഹിക പീഡനകേസുകളാണ് കഴിഞ്ഞ എട്ടു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത്.