നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയയാളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കുന്നമംഗലം മാലാകഴിയിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖി(31) നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
ഏപ്രിൽ 18നാണ് ഷാർജയിൽ നിന്നെത്തിയ താജു തോമസിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് പെരുമ്പാവൂരിലെ ഒരു ലോഡ്ജിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് ആളുമാറിയാണ് താജുവിനെ പിടികൂടിയതെന്ന് കരുതുന്നു.
ആലുവ ഡിവൈ.എസ്.പി ടി.എസ് സിനോജ്, നെടുമ്പാശേരി ഇൻസ്പെക്ടർ ടി. ശശികുമാർ, എ.എസ്.ഐ ബാലചന്ദ്രൻ, സി.പി.ഒ മാരായ സി.എ. യശാന്ത്, രശ്മി എന്നിവരും ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു.