കോതമംഗലം: അപ്രോച്ച് റോഡിന്റെ ഒരു ഭാഗം തകർന്ന് മാമലക്കണ്ടം- ഉരുളൻതണ്ണി- കുട്ടമ്പുഴ റോഡിലെ കൂട്ടിക്കുളം പാലം വഴിയുള്ള ഗതാഗതം സ്തംഭിച്ച നിലയിൽ. ഇളംപ്ളാശേരി, മേട്നാപ്പാറ, ഞണ്ടുകുളം, കോട്ടക്കുന്ന് തുടങ്ങിയ ആദിവാസി കോളനികളിലെ 400 കുടുംബങ്ങൾ വനത്തിൽ ഒറ്റപ്പെട്ട നിലയിലായി. കൊവിഡ് വ്യാപനം രൂക്ഷമായ ആദിവാസിമേഖലകളിൽ വൈദ്യസഹായവും ആഹാരവുമൊക്കെ എത്തിക്കാനുള്ള ഏകവഴിയും ഇതുതന്നെയാണ്.
മാമലക്കണ്ടത്തുനിന്ന് കുട്ടമ്പുഴയിലേക്ക് എത്താവുന്ന ഏക വഴിയാണ് തകർന്നുകിടക്കുന്നത്. ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഇടപെട്ട് കുഴിയിൽ പ്ളാസ്റ്റിക് ചാക്ക് നിരത്തിയിട്ടുണ്ടെങ്കിലും ഒറ്റമഴയ്ക്ക് അത് ഒലിച്ചുപോകും. മലയോരഗ്രാമത്തിലെ ആയിരത്തിൽപ്പരം കുടുംബങ്ങളുടെ ഏക ആശ്രയമാണ് റോഡ്.
മാസങ്ങളായി അപ്രോച്ച് റോഡ് അപകടാവസ്ഥയിലായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിന്റേതാണ് റോഡ്. പഞ്ചായത്ത് തിരിഞ്ഞുനോക്കിയിട്ടില്ല.
നാട്ടുകാർതന്നെ പ്ലാസ്റ്റിക് ചാക്കിൽ മണ്ണുനിറച്ച് താത്കാലികമായി അടച്ചാണ് ചെറിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന രീതിയിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഒരു ട്രാൻ.ബസു സ്വകാര്യബസുമാണ് സർവീസ് നടത്തിയിരുന്നത്. അതും ഇല്ലാതായി. 15 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമീണരുടെ പൊതുഗതാഗതമാണ് ഇതോടെ താറുമാറായത്.
വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന യാത്രാമാർഗം
ദുർബലാവസ്ഥയിൽ ആയിരുന്ന പാലം പുതുക്കിപ്പണിയാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 24 ലക്ഷം അനുവദിച്ചുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. കോതമംഗലത്തുനിന്ന് അടിമാലിയിലേക്ക് വനമേഖലയിൽകൂടി കടന്നുപോകുന്ന റൂട്ടെന്ന നിലയിൽ വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നൊരു യാത്രാമർഗമാണ് കുട്ടമ്പുഴ- മാമലക്കണ്ടം റോഡ്. കോതമംഗലത്തുനിന്ന് തിരിഞ്ഞ് അടിമാലിക്ക് സമീപം ഇരുമ്പുപാലത്ത് ദേശീയപാതയിലാണ് റോഡ് അവസാനിക്കുന്നത്.
1999ൽ ഡി.വൈ.എഫ്.ഐ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനമേഖലയിലൂടെ ഈ റോഡ് നിർമിച്ചത്. അതിന്റെ പേരിൽ നിരവധി പ്രവർത്തകർ കേസിൽ പ്രതികളാവുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് ആ കേസ് അവസാനിച്ചത്. 2003ലാണ് കൂട്ടികുളം പാലം നിർമിച്ചത്.