ayyappan
അയ്യപ്പൻ

കോലഞ്ചേരി: മദ്യലഹരിയിൽ ഡ്രൈവർ പിന്നോട്ടെടുത്ത ടിപ്പറിന്റെ പിൻചക്രം കയറി ഡ്രൈവറുടെ അയൽവാസിയായ സുഹൃത്ത് മരിച്ചു. കോലഞ്ചേരി പാറേപ്പീടിക പാലിയത്തുമോളേൽ അയ്യപ്പനാണ് (57) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പെരിങ്ങോൾ തൊണ്ടിപ്പീടിക റോഡിലായിരുന്നു അപകടം. ഡ്രൈവർ പെരിങ്ങോൾ പുന്നക്കുഴി ലാസർ ബേബി(55)യെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഇന്നലെ രാവിലെ മുതൽ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉച്ചയോടെ ലാസറിന്റെ വീടിനടുത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി തൊട്ടടുത്ത പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റിയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം തെറ്റിയ ലോറി റോഡരുകിലുള്ള ടെലിഫോൺ പോസ്റ്റിലിടിച്ചതോടെ പെട്ടെന്ന് പിന്നോട്ടെടുക്കുന്നതിനിടയിൽ പിന്നിൽ നിന്ന അയ്യപ്പന്റെ ദേഹത്ത് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഭാര്യ: ലീല, മക്കൾ : അനീഷ്, അജീഷ്, അഞ്ജു. മരുമക്കൾ : അശ്വതി, സുകേഷ്. പുത്തൻകുരിശ് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷേ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.