കൊച്ചി: കുതിച്ചുയരുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടി ജനങ്ങൾ. സംസ്ഥാനത്ത് പലയിടത്തും ഇന്നലെ ഇന്ധന വില സെഞ്ചുറിയടിച്ചു. വാഹനങ്ങൾ ജീവിതത്തിന്റെ ഭാഗമായതിനാൽ എണ്ണ കമ്പനികൾ പറയുന്ന വില നൽകി ഇന്ധനം അടിക്കുകയേ ജനങ്ങൾക്ക് നിവർത്തിയുള്ളു. കൊവിഡിനൊപ്പം തൊട്ടാൽ പൊള്ളുന്ന ഇന്ധനവിലകൂടി ആയതോടെ സാധാരണക്കാരും ഓട്ടോ-ടാക്‌സി തൊഴിലാളികളും, പച്ചക്കറി- പലചരക്ക് വ്യാപാരികളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്.
22 ദിവസത്തിനുള്ളിൽ 12 തവണയാണ് ഇന്ധന വിലവർധിച്ചത്. നിരന്തര പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഇന്ധന വിലവർധന മാറ്റമില്ലാതെ തുടർന്നു. ഇതിനു പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കുന്നുണ്ട്. പച്ചക്കറി- പഴ വർഗങ്ങൾക്കാണ് നിരന്തരമായി വില കൂടുന്നത്.
യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ലോക്ക്ഡൗണിനു ശേഷം വർധിപ്പിച്ച ടിക്കറ്റ് നിരക്കിൽ പിന്നീട് ഇളവ് വരുത്തിയിരുന്നില്ല. ഇന്ധന വില വർധന പതിവായതോടെ സംസ്ഥാനത്തൊട്ടാകെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. കാറുകൾക്കും സ്‌കൂട്ടറുകൾക്കും പുറമേ ഇലക്ട്രിക് ബൈക്കുകളും ഇപ്പോൾ കേരളത്തിന്റെ നിരത്തുകളിലുണ്ട്.
● ഇന്ധന വില അടിക്കടി വർധിക്കുന്നതോടെ ജീവിതം തന്നെ ചോദ്യചിഹ്നമായി മാറി. കൊവിഡ് മൂലം മാസങ്ങളോളം ഓടാതിരുന്ന ശേഷം വീണ്ടും യാത്രക്കാരെത്തി തുടങ്ങിയപ്പോഴുള്ള ഈ ഇന്ധന വില താങ്ങാനാകുന്നതിനും അപ്പുറമാണ്. കമലാസനൻ, ഓട്ടോറിക്ഷാ തൊഴിലാളി കൊച്ചി
● പെട്രോളിന് വില കുത്തനെ കൂടിയപ്പോൾ ഡീസൽ ഓട്ടോ എടുത്തു. ഡീസലിനും ദിനംപ്രതി വില വർധിക്കാൻ തുടങ്ങിയതോടെ സി.എൻ.ജിയിലേക്ക് മാറി. ബാബു, വൈറ്റില ഓട്ടോറിക്ഷാ തൊഴിലാളി
● തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി നേരിട്ടെത്തിക്കുന്ന വ്യാപാരികൾക്ക് ഇന്ധനവില കനത്ത തിരിച്ചടിയാണ്. ഷൺമുഖൻ, പച്ചക്കറി വ്യാപാരി വൈറ്റില
● പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നതിന് ഇന്ധന വിലവവർധന കാരണമാകുന്നുണ്ട്. വരുംകാലത്ത് കൂടുതൽ പെട്രോൾ ഡീസൽ വാഹനങ്ങൾ ഉപേക്ഷിച്ചേക്കു. ഷാജി മാധവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
● നിലവിലെ ഇന്ധന വിലയ്ക്ക് വാഹനം ഓടിയാൽ ലാഭമൊന്നുമില്ല. യാത്രാനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റ് തൊഴിലുകൾ അന്വേഷിക്കേണ്ടി വരും. മനു, ഊബർ ഡ്രൈവർ
■ ഇലക്ട്രിക് കാർ ഒരുതവണ ചാർജ് ചെയ്യ്താൽ 315 കിലോമീറ്റർ സഞ്ചരിക്കാം
വേണ്ടത് 30.3 യൂണിറ്റ് വൈദ്യുതി
യൂണിറ്റിന് എട്ട് രൂപ കണക്കു കൂട്ടിയാൽ 242.4രൂപ
■ 315 കിലോമീറ്റർ ഓടാൻ 15 കിലോമീറ്റർ മൈലേജുള്ള പെട്രോൾ കാറിന് 2,000ലധികം രൂപ
ഇല്ക്ട്രിക് കാർ ഒരു കിലോമീറ്റർ ഓടാൻ - 85 പൈസയിൽ താഴെ മുടക്ക്
പെട്രോൾ കാർ ഒരു കിലോമീറ്റർ ഓടാൻ- 7 രൂപയിലധികം
■കൊച്ചിയിൽ പെട്രോളിന്- 97.86. ഡീസലിന്- 94.79