വൈപ്പിൻ: കാളമുക്ക് ഗോശ്രീപുരം ഹാർബർ പൂർണമായും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമായി. കഴിഞ്ഞ ആറുമാസമായി മത്സ്യലഭ്യത കുറഞ്ഞ് കടലിൽ പണിക്ക് പോകുവാൻ കഴിയാതെ കരയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു വള്ളങ്ങൾ. ട്രോളിംഗ് നിരോധന സമയത്താണ് വള്ളങ്ങൾ ഇറക്കാൻ തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനത്താൽ തുടർച്ചയായി പല ദിവസങ്ങളിലും കടലിൽ പോകുവാൻ സാധിച്ചിരുന്നില്ല. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് മത്സ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്നത്. ഹാർബറിലെ നിയന്ത്രണങ്ങൾ കാരണം മത്സ്യത്തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഹാർബറിൽ പ്രവേശിക്കാൻ സാധിക്കാത്തത് തൊഴിൽ സ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ട്. എല്ലാ മേഖലയിലും നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിൽ വള്ളങ്ങൾക്ക് എല്ലാ ദിവസവും പണിക്ക് പോകുന്നതിനും മത്സ്യവിപണനം നടത്തുന്നതിനും അനുമതി ഉണ്ടാകണമെന്നും ഗോശ്രീപുരം ഹാർബർ പൂർണമായും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.