തൃക്കാക്കര: കൊച്ചിയിലെ യുറോടെക്ക് മാരിടൈം അക്കാഡമിയുടെ പുറമ്പോക്ക് കൈയേറ്റത്തിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ പുതുശേരി വാർഡിൽ സർക്കാർ പുറമ്പോക്കും കടമ്പ്രയാറും കൈയേറിയെന്നും നിലം നികത്തിയും കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതായി കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിജിലൻസിന് ഇറിഗേഷൻ വിഭാഗത്തിന്റെ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് ഇറിഗേഷൻ എൻജിനീയർ സന്ധ്യയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കിഴക്കമ്പലത്തെ യുറോടെക്ക് മാരിടൈം അക്കാദമിയിലെത്തി പരിശോധന നടത്തിയത്. പുഴ കൈയ്യേറി സ്ഥാപിച്ചതായി പറയുന്ന സ്വകാര്യ ബോട്ട് ജെട്ടിയിലും പരിശോധന നടത്തി. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരാതികൾ ഉയർന്നതോടെ താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കണ്ടെത്തിയിരുന്നു. ഇവ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് 2012ൽ മൂവാറ്റുപുഴ ആർ.ഡി.ഓയും,ഇറിഗേഷൻ വിഭാഗവും പഞ്ചായത്തിനും സ്ഥലം ഉടമക്കും നോട്ടീസ് നൽകിയിരുന്നു.
യുറോടെക്ക് മാരിടൈം അക്കാദമിയിൽ നിന്നും കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി സ്ഥാപിച്ച മൂന്ന് വലിയ പൈപ്പുകൾ നീക്കം ചെയ്യണമെന്നും ഇതൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു. 8.77 ഏക്കർ സ്ഥലത്ത് ഒന്നര ലക്ഷം ചതുരശ്ര അടിയിലാണ് വിവിധ കെട്ടിടനിർമ്മാണമെന്നും പരാതിയിൽ പറയുന്നു.
ഇങ്ങനെ ഒരു പരിശോധന ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് യൂറോടെക്ക് മാരിടൈം അക്കാദമി അധികൃതർ വ്യക്തമാക്കി