കൊച്ചി: പ്രതിമാസം കിട്ടുന്ന തുച്ഛമായ പെൻഷൻ മരുന്നിനും ഡയാലിസിസിനും പോലും തികയ്ക്കാനാവാതെ കടം വാങ്ങി രോഗം തളർത്തിയ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ് ആലുവ തെക്കേ വാഴക്കുളം ഐക്കരേടത്ത് വീട്ടിൽ 58കാരനായ മോഹൻദാസ്. ലോണെടുത്തു നടത്തി വന്ന ചെറിയൊരു തുണിക്കട ലോക്ക്ഡൗണായതോടെ പൂട്ടി. ഇപ്പോൾ സഹപാഠികളുടെയും സഹപ്രവർത്തകരുടെയും കനിവ് കൊണ്ടാണ് ചികിത്സ മുന്നോട്ട് പോവുന്നത്.
വർഷങ്ങളായി വാടക വീട്ടിലാണ് ഭാര്യയും രണ്ടു പെൺമക്കളുമുള്ള മോഹൻദാസ് താമസിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു മൂത്തമകളുടെ കല്യാണം. രണ്ടാമത്തെ മകൾ ബിരുദ വിദ്യാർത്ഥിനിയാണ്. ഭാര്യ ശാന്തി മോഹൻദാസ് തെക്കേ വാഴക്കുളത്ത് വസ്ത്രശാല നടത്തുകയായിരുന്നു. കൊവിഡിൽ കച്ചവടം നിലച്ചതോടെയാണ് കട പൂട്ടേണ്ടി വന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ മോഹൻദാസ് 2019 ലാണ് വിരമിക്കുന്നത്. അതോടെ ദുരിതവും തുടങ്ങി. പ്രതിമാസം കിട്ടുന്ന പെൻഷനായ 3600 രൂപ മാത്രമായി കുടുംബത്തിന്റെ ഏക വരുമാനം. പ്രതിദിനം 1400 രൂപയാണ് ചികിത്സാ ചെലവ്. ആഴ്ച്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തുമ്പോൾ 4200 രൂപയോളം മരുന്നിനും ഡയാലിസിസിനുമായി ചെലവാകും. കഴിഞ്ഞ മാസം കൈയിൽ ഘടിപ്പിച്ചിരിക്കുന്ന കാനുല നശിച്ചതോടെ ഡയാലിസിസ് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. കാനുല വീണ്ടും ഫിറ്റ് ചെയ്യേണ്ട സ്ഥിതിയാണ്. ഫെഡറൽ ബാങ്ക് , അക്കൗണ്ട് നമ്പർ :32258120475, ഐ.എഫ്.സി. കോഡ് : SBIN0008590, ഗൂഗിൾ പേ നമ്പർ :: 9605436274. വിവരങ്ങൾക്ക് : 9495174026.