gold
നെടുമ്പാശേരി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഡി.ആർ.ഐ വിഭാഗം പിടികൂടിയ സ്വർണം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐ, എയർ കസ്റ്റംസ് വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 3.2 കോടി രൂപയുടെ അനധികൃത സ്വർണം പിടികൂടി. ഇരു വിഭാഗങ്ങളും ചേർന്ന് 6.391 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച ആറ് യാത്രക്കാർ പിടിയിലായി. ഇതിൽ 3,446 ഗ്രാം സ്വർണമാണ് ഡി.ആർ.ഐ പിടികൂടിയത്.

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ റഷീദ് എന്ന യാത്രക്കാരനിൽ നിന്ന് 1,998 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇയാൾ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. അൽജസീറ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മുഷ്ത്താഖ് അഹമ്മദ് എന്ന യാത്രക്കാരൻ എമർജൻസി ലാംപിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 998 ഗ്രാം സ്വർണവും ഡി.ആർ.ഐയുടെ പിടിയിലായി. ഇതേ വിമാനത്തിൽ എത്തിയ മറ്റൊരു യാത്രക്കാരനായ അബ്ദുൾ റഷീദ് 450 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഇയാൾ ശരീരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഡി.ആർ.ഐയുടെ പിടിയിലായ മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്.

2,945 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് അൽജസീറ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിൽ നിന്നും 998 ഗ്രാം സ്വർണം പിടിച്ചെടുത്തു. എമർജൻസി ലാംപിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. അതേ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി യാസർ അറാഫത്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 749 ഗ്രാം സ്വർണം പിടികൂടി. കുവൈറ്റ് എയർലൈൻസ് വിമാനത്തിൽ കുവൈറ്റിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ബാസ് സലീമിൽ നിന്ന് 1,198 ഗ്രാം സ്വർണം പിടികൂടി. ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് മൂന്ന് കേസുകളും പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ച ഡി.ആർ.ഐ നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ വില വരുന്ന 1,998 ഗ്രാം പിടികൂടിയിരുന്നു. ഇതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കാര്യക്ഷമമല്ലെന്ന ശക്തമായ വിമർശനം ഉയർന്നിരുന്നു. മാധ്യമങ്ങളിൽ ഇത് സംബൻധിച്ച് വാർത്തകൾ വന്നതോടെയാണ് കസ്റ്റംസും പരിശോധനകൾ കർശനമാക്കിയത്.