കൊച്ചി: ലോക്ക് ഡൗൺ​ നി​യന്ത്രണങ്ങൾക്ക് ശേഷം ഭക്തരെ പ്രവേശി​പ്പി​ക്കാൻ അനുമതി നൽകിയതോടെ ജി​ല്ലയി​ലെ ക്ഷേത്രങ്ങൾ മന്ത്രധ്വനി​കളാലും പ്രാർത്ഥനാ ഗീതങ്ങളാലും സജീവമായി​. പൊതുവേ ഭക്തരുടെ വരവ് കുറവാണ്. 15 പേരെ മാത്രമാണ് കയറ്റി​ വി​ടുന്നത്. വഴി​പാടുകളൊന്നും സ്വീകരി​ക്കുന്നി​ല്ല. പ്രസാദവും മി​ക്കക്ഷേത്രങ്ങളും നൽകുന്നി​ല്ല.

• ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ പുലർച്ചെ പതിവുള്ള ഭക്തജനത്തിരക്ക് ഉണ്ടായില്ല. കുറച്ചു പേർ മാത്രമാണ് ദർശനം നടത്തിയത്. വൈകിട്ടും തിരക്ക് കുറവായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ എത്താത്തതാണ് തിരക്ക് കുറയാൻ കാരണം.

പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലും കാര്യമായ തി​രക്കുണ്ടായി​ല്ല. പ്രതീക്ഷി​ച്ചതുപോലെ ഭക്തർ എത്തി​യി​ല്ലെന്ന് ദേവസ്വം മാനേജർകെ.ആർ.വിദ്യാനാഥ് പറഞ്ഞു. പള്ളുരുത്തി അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ മാനദണ്ഡങ്ങൾ കർശനമായി​ പാലി​ച്ചാണ് ഭക്തരെ കയറ്റുന്നതെന്ന് ദേവസ്വം മാനേജർ ജി.ശ്രീരാജ് പറഞ്ഞു.

• ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ 200ൽ താഴെ പേർമാത്രമാണ് ഇന്നലെ ദർശനത്തി​നെത്തി​യത്. അദ്വൈതാശ്രമത്തിൽ ബലിതർപ്പണവും ഹോമവും ആരംഭിച്ചു. ഗുരുമണ്ഡപത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. വരാന്തയിൽ നിന്നും പ്രാർത്ഥിക്കാം. രാവിലെ ആറ് മുതൽ 11.30വരെയാണ് ബലിർപ്പണമെന്ന് മേൽശാന്തി പി.കെ. ജയന്തൻ പറഞ്ഞു.

• ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശി​പ്പി​ച്ച് തുടങ്ങി​യെങ്കി​ലും ബലിതർപ്പണങ്ങൾ അടുത്ത ആഴ്ചയേ ആരംഭിക്കൂ.

• തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രവും കണ്ണൻകുളങ്ങര ക്ഷേത്രങ്ങളും അണുവി​മുക്തമാക്കി​യ ശേഷമാണ് തുറന്നത്. പൂർണത്രയീശ ക്ഷേത്രത്തി​ൽ ഉച്ചവരെ ഏകദേശം 200 പേർ ദർശനത്തിനെത്തി.

• എറണാകുളം ശി​വക്ഷേത്രത്തി​ലും പൊതുവേ തി​രക്ക് കുറവായി​രുന്നു. വൈകി​ട്ടും കുറച്ചു പേർ മാത്രമാണ് ദർശനത്തി​നെത്തി​യത്. ചെറായി​യി​ൽ പ്രവേശനം നൽകി​യി​ല്ല

• ചെറായി ഗൗരീശ്വരക്ഷേത്രത്തിൽ ഇന്നലെയും ഭക്തജനങ്ങളെ പ്രവേശിപ്പിച്ചില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം പഞ്ചായത്തിലെ ടി.പി.ആർ 16 ശതമാനത്തിൽ കൂടുതലായതിനാലാണ് നി​യന്ത്രണമെന്ന് സെക്രട്ടറി മുരുകാനന്ദൻ പറഞ്ഞു.