തൃക്കാക്കര: സ്ത്രീധനത്തിലെ ബാക്കിയിലെ ആറ് പവന് വേണ്ടിയുള്ള ഭർത്താവിന്റെ ശല്യം സഹിക്ക വയ്യാതെ തമിഴ് യുവതി സാരിത്തുമ്പിൽ തൂങ്ങി ജീവനൊടുക്കി. ഭർത്താവിനെ എറണാകുളം ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് മധുര സ്വദേശിനി, എറണാകുളം വാത്തുരുത്തി കോളനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കനിമൊഴി (24) ആണ് മരിച്ചത്. ആറ് പവന് വേണ്ടി ഭർത്താവ് കാർത്തിക്ക് നിരന്തരം മാനസികവും ശാരീരികവുമായി ഉപദ്രവിച്ചു വരികയായിരുന്നു. അഞ്ച് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. 10 പവൻ സ്വർണാഭരണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നാല് പവനേ നൽകിയിരുന്നുള്ളൂ. പീഡനം സഹിക്കവയ്യാതെ മൂന്ന് വർഷം മുമ്പും കനിമൊഴി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർക്ക് മൂന്നര വയസുളള ഒരു ആൺകുട്ടിയുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള കൂലിപ്പണിക്കാർ വാടകയ്ക്ക് താമസിക്കുന്നയിടമാണ് നാവികവിമാനത്താവളത്തിന് സമീപത്തെ വാത്തുരുത്തി കോളനി. ഒറ്റമുറി വീടുകളിലാണ് താമസം. ഇന്നലെ ഭർത്താവ് വഴക്കിട്ട് ജോലിക്ക് പോയതിന് ശേഷം തൊട്ടടുത്തു തന്നെയുള്ള അമ്മയും അച്ഛനും വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ ചെന്ന് ജീവനൊടുക്കുകയായിരുന്നു കനിമൊഴി. മാതാപിതാക്കളും ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്ന് പൊലീസ് സർജൻ പോസ്റ്റുമോർട്ടം ചെയ്യും. എറണാകുളം പൊലീസ് അസി.കമ്മീഷണർ സജു വർഗീസ്, എസ്.എച്ച്.ഒ തൃദീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.