കൊച്ചി: ഇന്ത്യയിലെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‌ഫോം നടത്തിയ ഡാറ്റാനിയമലംഘനം കൊച്ചിയിലെ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് കമ്പനിയായ ടെക്‌നിസാൻഡ് കണ്ടെത്തി. 34 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങളാണ് അപഹരിച്ച് വില്പനയ്ക്ക് വച്ചത്. പേര്, ഉപഭോക്തൃ ഐഡി., ഫോൺ നമ്പരുകൾ, ഇ-മെയിൽ വിലാസം, ട്രേഡ് ലോഗിൻ ഐഡി., ബ്രാഞ്ച് ഐഡി, നഗരം, രാജ്യം എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളാണ് (പി.ഐ.ഐ) ചോർന്നത്. ടെക്‌നിസാൻഡിന്റെ ഡിജിറ്റൽ റിസ്‌ക് മോണിറ്ററിംഗ് ടൂളായ 'ഇന്റഗ്രിറ്റെ' ആണ് സുരക്ഷാ ലംഘനം തിരിച്ചറിഞ്ഞത്.
ജൂൺ 15 ന് കണ്ടെത്തിയ വിവരങ്ങൾ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന് (സി.ഇ.ആർ.ടി.) ടെക്‌നിസാൻഡ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഡാറ്റാ സെക്യൂരിറ്റി അതോറിറ്റി ഇല്ലാത്തത് ഇത്തരം കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമാണ്. ' ടെക്‌നിസാൻഡ് സ്ഥാപകനും സി.ഇ.ഒയുമായ നന്ദകിഷോർ ഹരികുമാർ പറഞ്ഞു.