കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി മിഷന്റെ ( സി.എസ്.എം.എൽ ) ആഭിമുഖ്യത്തിൽ നഗരത്തിലും പശ്ചിമകൊച്ചിയിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു. നിലവിലെ വൈദുതി മീറ്ററുകൾ മാറ്റി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് കെ .എസ്. ഇ. ബി ക്കുവേണ്ടി സി .എസ്. എം .എൽ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ബാഹ്യഏജൻസിക്ക് ഇത്തരത്തിൽ ഒരു അവസരം ലഭിക്കുന്നത്. സി.എസ്.എം.എല്ലിന്റെ ഇലക്ട്രിക്കൽ ഇൻഫ്രാ സ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്.
സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ കൊവിഡ് പോലെയുള്ള മഹാമാരികാലത്ത് ഗൃഹസന്ദർശനമില്ലാതെ കെ.എസ്.ഇ.ബിക്ക് ബിൽ തയ്യാറാക്കാം. ഉപഭോക്താവിന്റെ ഫോൺ നമ്പറിലേക്ക് സ്മാർട്ട് മീറ്റർ ബന്ധിപ്പിക്കുന്നതിനാൽ ഇരുകൂട്ടരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടും. ബിൽ സംബന്ധമായ പരാതിയിൽ വ്യക്തത വരുത്താം. മീറ്റർ കേടായാലോ, ആരെങ്കിലും നശിപ്പിച്ചാലോ, വൈദുതി പ്രവാഹത്തിൽ ഏറ്റകുറച്ചിലുകൾ വന്നാലോ ഉടൻതന്നെ ഉപഭോക്താവിനും വൈദുതി വകുപ്പിനും ജാഗ്രതാനിർദ്ദേശം ലഭിക്കും.
കേന്ദ്ര ഉൗർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സ്മാർട്ട് ഗ്രിഡ് മിഷൻ വഴിയാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നത്. 20 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഇത് പ്രാബല്യത്തിലായി . 24 ലക്ഷത്തിലേറെ മീറ്ററുകൾ സ്ഥാപിച്ചു . 75 ലക്ഷം മീറ്ററുകളുടെ പ്രവൃത്തി നടന്നുവരുന്നു . അതാതു സംസ്ഥാനത്തെ വൈദ്യുതി വകുപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിപ്രദേശം
ഫോർട്ടുകൊച്ചി,കൽവത്തി,ഇരവേലി,കരിപ്പാലം,മട്ടാഞ്ചേരി, എറണാകുളം സൗത്ത്, സെൻട്രൽ, നോർത്ത്.
ആകെ 26000 സ്മാർട്ട് മീറ്ററുകൾ
8039 എണ്ണം സ്ഥാപിച്ചു
സവിശേഷതകൾ
നിലവിലെ താരിഫ് തുടരും
പ്രീ പെയ്ഡ്,പോസ്റ്റ് പെയ്ഡ് സംവിധാനം
വൈദ്യുത ഉപഭോഗത്തിന്റെ വിശദാംശങ്ങൾ അറിയാം
അടഞ്ഞുകിടക്കുന്ന വീടുകളിലെ റീഡിംഗ് എടുക്കാം
നടപ്പാക്കുന്നത്
20 സംസ്ഥാനങ്ങളിൽ
എല്ലാം ഒരു കുടക്കീഴിലാവും
നഗരത്തിലെ ബില്ലിംഗ് സംബന്ധമായ വിവരങ്ങൾ അറിയാം.സ്മാർട്ട് മീറ്ററുകൾ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ജാഫർ മാലിക്
സി.എസ്.എം.എൽ സി.ഇ.ഒ