ആലുവ: നടുവൊടിക്കുന്ന കുഴികൾ രൂപപ്പെട്ടിട്ടും ഏലൂക്കര ഫെറി റോഡിന്റെ നവീകരണം പാതി വഴിയിൽ തന്നെ. സ്ഥലം സംബന്ധിച്ച തർക്കത്തിൽ കോടതി ഇടപെട്ട് പരാതിക്കാരന് 18 ലക്ഷം രൂപ നൽകി ഒന്നര വർഷത്തോളമായിട്ടും പാതിവഴിയിൽ മുടങ്ങിയ നിർമ്മാണം പുനരാരംഭിക്കാത്തത് അധികൃതരുടെ അനാസ്ഥയെ തുടർന്നാണെന്നാണ് ആക്ഷേപം.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏലൂക്കര - ഉളിയന്നൂർ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏലൂക്കര ഫെറി റോഡിനാണ് ഈ ദുർഗതി. ഏലൂക്കര ഫെറി കവലയിൽ നിന്നും പെരിയാറിന് കുറുകെയുള്ള ഏലൂക്കര - ഉളിയന്നൂർ പാലത്തിലേക്ക് കേവലം 100 മീറ്റർ മാത്രമാണ് ദൂരം. പാലം നിർമ്മാണം പൂർത്തീകരിച്ച് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് തുറന്നത്. തർക്കത്തെ തുടർന്ന് അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നില്ല. തർക്കം കോടതിയിൽ എത്തിയതിനെ തുടർന്ന് കോൺക്രീറ്റ് കട്ടകൾ വിരിക്കുന്നതിന് 45 ലക്ഷം രൂപയുടെ കരാറെടുത്തയാൾ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. സ്ഥലം ഉടമക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടാകുകയും സർക്കാർ നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടും മുടങ്ങിയ റോഡിന്റെ നിർമ്മാണം ആരംഭിച്ചില്ല. ഇതിനിടയിൽ കരാറുകാരന്റെ ആവശ്യപ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ഭാഗത്തിന്റെ ബിൽ തുക പഞ്ചായത്ത് നൽകുകയും ചെയ്തു.
ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര നിവാസികൾക്ക് എളുപ്പത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ്, പ്രാഥമീകാരോഗ്യ കേന്ദ്രം, വ്യവസായ മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താവുന്ന വഴിയായതിനാൽ നിത്യേന നൂറുകണക്കിന് ആളുകളാണ് ഈ വഴി ഉപയോഗിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സി.പി.എം - എസ്.ഡി.പി.ഐ മെമ്പർമാരും വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മൗനം വെടിഞ്ഞു ജങ്ങൾക്കായി പ്രവർത്തിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് യൂത്ത് കോൺഗ്രസ്
ഏലൂക്കര ഫെറി റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ ഉപരോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് പറഞ്ഞു. പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് നേതാക്കളായ സഞ്ജു വർഗീസ്, പി.എം. ശാനിഫ്, ഷാനവാസ് കടവിൽ, ജിതിക് തോപ്പിൽ, മുഹന്ന എന്നിവർ അറിയിച്ചു.