പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ കൊവിഡ് രോഗസാധ്യതയുള്ളവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കും. ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയെങ്കിലും വ്യാപനം കുറക്കുന്നതിനാണിത്. മെഗാ പരിശോധന ക്യാമ്പുകൾ നടത്തിയതിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ കഴിഞ്ഞു. പൊതുസമൂഹമായി ബന്ധപ്പെടാൻ സാധ്യതയുള്ള ഭൂരിഭാഗം ആളുകളെയും പരിശോധിച്ചു. ഇനിയും പരിശോധനയ്ക്ക് വിധേയമാകാത്തവരുടെ വിവരശേഖരണം നടത്തുന്നുണ്ട്. വാർഡ് തലങ്ങളിൽ പരിശോധന ക്യാമ്പുകൾ തുടരും. പരിശോധനയ്ക്ക് വിധേയമാകാൻ വിമുഖത കാണിച്ച ചിലർക്ക് തൊട്ടടുത്ത ദിവസങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടായി. തുടർന്ന് അവരുടെ വീട്ടിലെ മുഴുവൻ ആളുകൾക്കും പോസിറ്റീവാകുകയും ചെയ്തു. അതിനാൽ രോഗസാധ്യത ഉള്ളവർ ലക്ഷണങ്ങൾ ഇല്ലെങ്കിലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പാക്കുനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചു വരികയാണ്. ഒരാഴ്ചയ്ക്കിടെ പഞ്ചായത്ത് നടത്തിയ ക്യാമ്പുകളിൽ 2053 പേരെ പരിശോധിച്ചപ്പോൾ 159 പേർ മാത്രമാണ് പോസിറ്റീവായത്. നിലവിൽ 10.7 ശതമാനമാണ് ടി.പി.ആർ. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ മേഖലാതല വിശകലനം നടത്തിയാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. ക്വാറന്റൈൻ ലംഘനം തടയാൻ നടപടികൾ സ്വീകരിക്കും. കച്ചവട സ്ഥാപനങ്ങളിൽ നിർദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും.

പുത്തൻവേലിക്കരയിൽ അഞ്ചു വാർഡുകളിൽ നിയന്ത്രണം

പുത്തൻവേലിക്കര പഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ചു വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ടി.പി.ആർ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള 2, 5, 6, 7, 9 വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെയാക്കി കുറച്ചു. ആരാധനാലയങ്ങളിലെ പ്രവേശനം പൂർണമായി നിരോധിച്ചു. പോസിറ്റീവ് കേസുകൾ ക്രമാതീതമായി വർദ്ധിക്കാതിരിക്കാനാണ് നടപടി. വാർഡുകളിലെ പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ പഞ്ചായത്തുകൾക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 9.66 ശതമാനമാണ് ടി.പി.ആർ നിരക്ക്.