pl
റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന മരതടികളും ചില്ലകളും

കുറുപ്പംപടി: ആലുവ മൂന്നാർ റോഡിൽ തീയറ്റർ പടിക്ക് സമീപം മുറിച്ചിട്ടിരിക്കുന്ന തടിയും മരച്ചില്ലകളും അപകടങ്ങൾക്ക് കാരണമാകുന്നു. രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരികിൽ നിന്നിരുന്ന വാഗമരം കടപുഴകി വീണ് ഗതാഗത തടസവും വൈദ്യുതി തടസവും ഉണ്ടാക്കിയിരുന്നു. ഗതാഗത തടസം പുനസ്ഥാപിക്കുന്നതിനുവേണ്ടി പി.ഡബ്ല്യു.ഡി അധികൃതരും കെ.എസ്.ഇ .ബി ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ച് റോഡരികിൽ തന്നെ നിക്ഷേപിച്ച് പോവുകയും ചെയ്തു.പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.

ഇത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും റോഡരികിലൂടെ പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ്.

കാൽനടയാത്രക്കാർക്ക് ഈ വഴി പോകാൻ കഴിയാത്ത അവസ്ഥയാണ്. തിരക്കുള്ള ഈ റോഡിൽ നിരന്തരം അപകട മരണങ്ങൾ സംഭവിക്കുന്നത് പതിവ് കാഴ്ചയാണ്. വേഗത്തിൽ പോകുന്നവാഹനങ്ങൾ മരത്തിൽ തട്ടിയാൽ വൻ അപകടങ്ങൾക്ക് കാരണമാകുന്നതാണ്.അധികൃതർ എത്രയും വേഗം ഈ തടിക്കഷണങ്ങളും ചില്ലകളും റോഡ് സൈഡിൽ നിന്നും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോട് പലപ്രാവശ്യം നേരിട്ടും ഫോണിലൂടെയും തടികൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരുവിധ നടപടിയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കുര്യൻ പോൾ, വാർഡ് മെമ്പർ