kaumudi
2021 ജനുവരി നാലിന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ആലുവ നഗരസഭ ശതാബ്ദി സ്മാരകം നിർമ്മിക്കാൻ പഴയ സ്റ്റാൻഡിലുള്ള നഗരസഭ കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികൾ രംഗത്തെത്തി. പുനരധിവാസം ഉറപ്പാക്കാതെ 15 ദിവസത്തിനകം മുറികൾ ഒഴിയണമെന്ന നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശത്തിനെതിരെയാണ് പ്രതിഷേധം.

2021 സെപ്തംബർ 15നാണ് ആലുവ നഗരസഭക്ക് 100 വയസ് തികയുന്നത്. ഈ സാഹചര്യത്തിലാണ് 48 വർഷം പഴക്കമുള്ള മൂന്ന് നില കെട്ടിടകം പൊളിച്ച് ശതാബ്ദി സ്മാരകമായി കൂടുതൽ സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കിയത്. എം.ഒ. ജോണിന്റെ നേതൃത്വത്തിലുള്ള പുതിയ കൗൺസിൽ അധികാരമേറിയപ്പോൾ ഇത് സംബന്ധിച്ച വാർത്ത 2021 ജനുവരി നാലിന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോഴെല്ലാം നിശബ്ദമായിരുന്ന വ്യാപാരികൾ ഇപ്പോൾ നഗരസഭ നോട്ടീസ് നൽകിയപ്പോൾ പ്രതിഷേധവുമായെത്തുകയായിരുന്നു.

കൊവിഡ്കാലത്ത് ദുരിതങ്ങൾ പേറുന്ന വ്യാപാരികളോട് 15 ദിവസത്തിനകം ഒഴിഞ്ഞു താക്കോൽ തിരിച്ച് ഏൽപ്പിക്കണമെന്ന നഗരസഭയുടെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ചൂണ്ടികാട്ടി. ഗവൺമെന്റ് ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ രണ്ട് കെട്ടിടങ്ങളിലായി 50 ഓളം സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പുതുക്കി പണിയുന്നതിന് ആലുവ മാർക്കറ്റ് സമുച്ചയം പൊളിച്ചിട്ട് എട്ട് വർഷമായി. ഇതുവരെ നിർമ്മാണമാരംഭിച്ചിട്ടില്ല. മുനിസിപ്പൽ പാർക്കിന്റെയും സ്ഥിതി ഇതുതന്നെയാണ്. ജീവനക്കാർക്ക് യഥാസമയം ശമ്പളം പോലും നൽകാൻ കഴിയുന്നില്ല. ഇതിനിടയിൽ ശതാബ്ദി മന്ദിരത്തിന് ഫണ്ട് പോലും കണ്ടെത്താതെയാണ് വ്യാപാരികളോട് ഒഴിയാൻ ആവശ്യപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു.

നഗരസഭയുടെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായും പ്രത്യക്ഷ സമരപരിപാടികളും ആരംഭിക്കും. അസോസിയേഷൻ പ്രസിഡന്റ് ഇ.എം.നസീർ ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, എം. പത്മനാഭൻ നായർ, പി.എം. മൂസക്കുട്ടി, കെ.സി. ബാബു തുടങ്ങിയവർ സംസാരിച്ചു.